അഞ്ച് വര്‍ഷത്തിനുള്ളില്‍ അമ്പത് നഗരങ്ങളില്‍ കൂടി മെട്രോ

By on March 9, 2018

ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അന്‍പത് നഗരങ്ങളിലേയ്ക്കു കൂടി മെട്രോ നടപ്പിലാക്കുമെന്ന് കേന്ദ്ര നഗരവികസന സഹമന്ത്രി ഹര്‍ദീപ് സിങ് പുരി. മെട്രോ ഭവനില്‍ കോമെറ്റ് മാനേജ്‌മെന്റ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഇപ്പോള്‍ പത്തു നഗരങ്ങളിലായി 425 കിലോമീറ്റര്‍ മെട്രോ ശൃംഖലയുണ്ട്. എന്നാല്‍ ഇനി ഇപ്പോഴുള്ളതിനേക്കാള്‍ 700 കിലോമീറ്റര്‍ കൂടി മെട്രോ ശൃംഖല വ്യാപിപ്പിക്കും. ഗതാഗത ആവശ്യം നിറവേറ്റാന്‍ മാത്രമല്ല, നഗരങ്ങളെ മാറ്റിയെടുക്കാനും ലക്ഷ്യമിട്ടുള്ളതാണ് മെട്രോ ഗതാഗത പദ്ധതി. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടനുസരിച്ച് അന്‍പത് നഗരങ്ങളില്‍ കൂടി അഞ്ചു വര്‍ഷത്തിനുള്ളില്‍ മെട്രോ വ്യാപിപ്പിക്കും അദ്ദേഹം പറഞ്ഞു.
ലോകത്തെ മികച്ച അഞ്ചു മെട്രോ പദ്ധതികളില്‍ ഒന്നാം സ്ഥാനത്താണ് ദല്‍ഹി മെട്രോ. ദിവസവും മുപ്പതു ലക്ഷം യാത്രികരുടെ ഗതാഗത ആവശ്യം നിറവേറ്റപ്പെടുന്നു. കഴിഞ്ഞ വര്‍ഷം മെട്രോ നയം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ വന്‍തോതില്‍ സ്വകാര്യ പങ്കാളിത്തം, നൂതന ധനകാര്യ സംവിധാനം തുടങ്ങിയവ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മെട്രോ റെയില്‍ സൗകര്യം വികസിപ്പിക്കാന്‍ സര്‍ക്കാരുകള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതു കൂടിയാണ് മെട്രോ നയം. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും സുഗമയാത്ര ഉറപ്പാക്കാനും മെട്രോ ശൃംഖല സഹായിക്കും. അന്താരാഷ്ട്ര സംരംഭകര്‍ക്കു രാജ്യത്ത് നിക്ഷേപം നടത്താനുള്ള അവസരവും മെട്രോ റെയില്‍ പദ്ധതികളിലൂടെ സാധ്യമാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us