Don't miss

അദാനിക്ക് തിരിച്ചടി; ആസ്‌ട്രേലിയ സാമ്പത്തിക സഹായം നിഷേധിച്ചു

By on February 7, 2018

മെല്‍ബണ്‍: ഇന്ത്യന്‍ വ്യവസായ ഭീമന്‍ അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തില്‍ രാജ്യത്ത് നിര്‍മിക്കുന്ന കല്‍ക്കരി പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണത്തിന് ധനസഹായം നല്‍കില്ലെന്ന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ക്യൂന്‍സ്‌ലാന്റില്‍ അദാനിയുടെ നേതൃത്വത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഖനിയാണ് നിര്‍മിക്കാനൊരുങ്ങുന്നത്. ഖനിയെയും അബോട്ട് പോയന്റ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കില്ലെന്നാണ് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചത്. സര്‍ക്കാരിന്റെ തീരുമാനം അദാനിഗ്രൂപ്പിന് തിരിച്ചടിയായി. പദ്ധതിക്കെതിരെ രാജ്യത്തെ വ്യവസായികള്‍ രംഗത്തുവന്നിരുന്നു.
1650 കോടി ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന കാര്‍മൈക്കല്‍ കല്‍ക്കരി ഖനിയില്‍നിന്ന് തുറമുഖത്തെ റെയില്‍ വഴി ബന്ധിപ്പിക്കുന്ന പ്രോജക്ടിനാണ് 90 കോടി ഡോളര്‍ വായ്പയായി ആവശ്യപ്പെട്ടത്. സ്വകാര്യ ആവശ്യത്തിന് ലോണ്‍ അനുവദിക്കാനാവില്ലെന്ന് ആസ്‌ട്രേലിയന്‍ മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് അറിയിച്ചു. അദാനിയുടെ ഖനിക്കുള്ള എല്ലാ അനുമതികളും നല്‍കിയതാണെന്നും ഇത് വെറും സാമ്പത്തികമായ പ്രശ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആസ്‌ട്രേലിയയില്‍ നൂറുകണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള കാര്‍മൈക്കല്‍ പ്രോജക്ട് പരിസ്ഥിതി വാദികളുടെയും സംഘടനകളുടെയും ശക്തമായ എതിര്‍പ്പിലൂടെയാണ് പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്.

Follow Us