Don't miss

അനില്‍ അഗര്‍വാള്‍ ആഗ്ലോഅമേരിക്കനില്‍ നിക്ഷേപം നടത്തുന്നു

By on March 16, 2017

ലണ്ടന്‍: ഇന്ത്യന്‍ ശതകോടീശ്വരനായ അനില്‍ അഗര്‍വാള്‍ ലോകത്തിലെ ഏറ്റവും വലിയ ഖനന കമ്പനികളില്‍ ഒന്നായ ആഗ്ലോ അമേരിക്കനില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആഗ്ലോ അമേരിക്കന്റെ 2.46 ബില്യണ്‍ മൂല്യം വരുന്ന ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചതായി അനില്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസം അറിയിച്ചു. എന്നാല്‍, കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ താല്‍പര്യമില്ല എന്നാണ് സൂചന. ആഗ്ലോയുടെ നിലവിലെ വിപണി മൂല്യം ഏകദേശം 20.55 ബില്യണ്‍ ഡോളറാണ്. അതേസമയം ഓഹരി ഏറ്റെടുക്കല്‍ സംബന്ധിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അനില്‍ അഗര്‍വാളിന്റെ വേദാന്ത ലിമിറ്റഡിന്റെ കൈവശമാണ് ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഭൂരിഭാഗം ഓഹരികളും. കുടുംബ ട്രസ്റ്റായ വോള്‍കാന്‍ ഹോള്‍ഡിങ്‌സ് വഴി ആയിരിക്കും അഗര്‍വാള്‍ ആഗ്ലോയില്‍ നിക്ഷേപം നടത്തുക . വേദാന്തയുമായി ഇതിന് ബന്ധം കാണില്ല എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബോണ്ട് മുഖേനയായിരിക്കും പണമിടപാട് എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.വജ്രവും പ്ലാറ്റിനവും ഉള്‍പ്പെടുന്ന ആഗ്ലോ അമേരിക്കന്റെ ഉത്പന്ന നിര അഗര്‍വാളിന്റെ കമ്പനിയെ വൈവിധ്യവത്കരിക്കാന്‍ സഹായിക്കും. 2015 ല്‍ കമ്മോഡിറ്റി വിലയിലുണ്ടായ ഇടിവിനെ പ്രതിരോധിച്ചതില്‍ ആഗ്ലോ ഉള്‍പ്പടെയുള്ള ഖനന കമ്പനികളുടെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ വര്‍ഷം 300 ശതമാനം വര്‍ധനയാണ് കമ്പനിയുടെ ഓഹരികളില്‍ ഉണ്ടായത്.