Don't miss

അറിഞ്ഞിരിക്കണം; കന്നുകാലി വളര്‍ത്തലില്‍ ലാഭം കൂട്ടാന്‍ ശാസ്ത്രീയ തീറ്റക്രമം അത്യാവശ്യം

By on February 14, 2018

തീറ്റച്ചെലവ് ഏറിയാല്‍ പശുപരിപാലനത്തില്‍നിന്നുള്ള ലാഭം കുറയും. പാലുല്‍പ്പാദനം അനുസരിച്ചും കറവയുടെ വിവിധ ഘട്ടങ്ങളിലും തീറ്റക്രമത്തില്‍ ആവശ്യമായ വ്യത്യാസം വരുത്തണം. അതായത്, തീറ്റ ആവശ്യത്തിലധികം നല്‍കുന്നത് പാഴ്‌ച്ചെലവാണ്. തീറ്റ കുറവു നല്‍കിയാല്‍ ഉല്‍പ്പാദനനഷ്ടം മാത്രമല്ല, പ്രത്യുല്‍പ്പാദനത്തെയും തകരാറിലാക്കും. കറവപ്പശുവിന്റെ പാലുല്‍പ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നല്‍കേണ്ട തീറ്റയെക്കുറിച്ചുള്ള അറിവാണ് ഇവിടെ ആവശ്യം. ഇതിനായി കറവക്കാലത്തെ വിവിധ ഘട്ടങ്ങളായി തരംതിരിക്കാം.
ആദ്യഘട്ടം (പ്രസവശേഷം 10–12 ആഴ്ചവരെ)
പ്രസവശേഷം പാലുല്‍പ്പാദനം വര്‍ധിക്കുന്നു. ഈ സമയത്ത് പാലില്‍ കൊഴുപ്പ് കുറവാകും. പാലുല്‍പ്പാദനം ഏറ്റവും കൂടുതലുള്ള സമയമാണിത്. പ്രസവശേഷം ക്രമമായി ഉയരുന്ന പാലുല്‍പ്പാദനം 6–8 ആഴ്ചയോടെ പരമാവധി അളവിലെത്തുന്നു. എന്നാല്‍ നീണ്ട ഗര്‍ഭകാലത്തിനുശേഷം ഗര്‍ഭാശയത്തിന്റെ മര്‍ദം മൂലം ചുരുങ്ങിയ പശുവിന്റെ ആമാശയത്തിന് വേണ്ടത്ര തീറ്റയെടുക്കാന്‍ പരിമിതിയുണ്ട്. അതിനാല്‍ ഈ സമയത്ത് പശുവിന് പൂര്‍ണമായ വിശപ്പുണ്ടാവില്ല. അതേസമയം പാലുല്‍പ്പാദനം കൂടുന്നതിനാല്‍ കൂടുതല്‍ പോഷകങ്ങള്‍ ശരീരത്തിന് ആവശ്യമാണുതാനും. അതിനാല്‍ കുറച്ച് ഭക്ഷണത്തില്‍തന്നെ കൂടുതല്‍ പോഷണം ലഭിക്കുന്ന തീറ്റ ഈ സമയത്ത് നല്‍കണം. ചലഞ്ച് ഫീഡിങ് എന്ന രീതി പരീക്ഷിക്കേണ്ട സമയംകൂടിയാണിത്. പ്രസവിച്ച് ആദ്യത്തെ രണ്ടുമാസം തീറ്റയുടെ അളവ് നാലു ദിവസത്തെ ഇടവേളകളില്‍ അരക്കിലോഗ്രാംവീതം കൂട്ടിക്കൊടുക്കണം. പാലുല്‍പ്പാദനം തീറ്റയുടെ അളവിനനുസരിച്ച് കൂട്ടാത്ത അളവ് പിന്നീട് സ്ഥിരമായി നിലനിര്‍ത്തുക. പാലില്‍ നഷ്ടപ്പെടുന്ന ഊര്‍ജത്തിന്റെ അളവു നികത്താനായി ബൈപാസ് ഫാറ്റ്‌പോലെയുള്ള ഊര്‍ജസ്രോതസ്സുകള്‍ ഈ സമയത്ത് ഉപയോഗിക്കാം. ബൈപാസ് പ്രോട്ടീന്‍ തീറ്റകള്‍, പയര്‍വര്‍ഗ വിളകള്‍, ധാന്യവിളകള്‍ എന്നിവയും ഈ സമയത്ത് നല്‍കാം. കാലിത്തീറ്റയില്‍ ചെറിയ അളവില്‍ ചോളപ്പൊടി നല്‍കുന്ന രീതിയുമുണ്ട്. അസിഡിറ്റി ഒഴിവാക്കാന്‍ അപ്പക്കാരവും തീറ്റയില്‍ ചേര്‍ക്കാം.
രണ്ടാം ഘട്ടം (12–24 ആഴ്ചക്കാലം)
പശുവിന്റെ വിശപ്പും, ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനവും പൂര്‍ണ്ണമായും തിരിച്ചെത്തുന്ന സമയമാണിത്. കൂടുതല്‍ തീറ്റ കഴിക്കാന്‍ പശു ശ്രമിക്കുകയും ചെയ്യുന്നു. കൃത്യമായ അളവില്‍ പച്ചപ്പുല്ലും, വൈക്കോലും ഉള്‍പ്പെടെയുള്ള പരുഷാഹാരം കാലിത്തീറ്റയ്‌ക്കൊപ്പം നല്‍കണം. ധാതുലവണ മിശ്രിതങ്ങളും തീറ്റയില്‍ ചേര്‍ക്കണം.
മൂന്നാം ഘട്ടം (24 ആഴ്ചമുതല്‍ കറവ വറ്റുന്നതുവരെ)
പാലുല്‍പ്പാദനം കുറഞ്ഞുവരുന്നു. പശുക്കള്‍ ഗര്‍ഭവതിയാകും. പ്രതിമാസം 8–10 ശതമാനം നിരക്കില്‍ ഉല്‍പ്പാദനത്തില്‍ കുറവു വരുന്നു. തീറ്റച്ചെലവു കുറയ്ക്കാന്‍കഴിയുന്ന വിധത്തില്‍ ആഹാരക്രമം ക്രമീകരിക്കണം. അളവിലും ഗുണത്തിലും മാറ്റങ്ങള്‍ സാധ്യമായ സമയം.
നാലാം ഘട്ടം (വറ്റുകാലം)
പശുവിന്റെ അകിടിനും ദഹനവ്യൂഹത്തിനും ഒരുപരിധിവരെ അടുത്ത കറവയ്ക്കായി ഒരുങ്ങാനുള്ള സമയമാണിത്. അടുത്ത കറവക്കാലത്ത് ഉല്‍പ്പാദനം കൂട്ടാനും, അടുത്ത പ്രസവത്തില്‍ ഉപാപചയരോഗങ്ങള്‍ ഒഴിവാക്കാനും കഴിയുന്നവിധം തീറ്റക്രമം മാറണം. പാലുല്‍പ്പാദനം ഇല്ലാത്തതിനാല്‍ ഈ സമയം പശുക്കളെ കര്‍ഷകര്‍ അവഗണിക്കാറുണ്ട്. ധാതുലവണ മിശ്രിതം ഒഴിവാക്കി ആനയോണിക്ക് ഉപ്പുകള്‍, വിറ്റമിന്‍ എ, ഡി, ഇ, നിയാസിന്‍ എന്നിവ നല്‍കാന്‍ കഴിയണം. ഗുണമേന്മയുള്ള പരുഷാഹാരമാകണം പ്രധാന തീറ്റവസ്തു.
അഞ്ചാം ഘട്ടം (പ്രസവത്തിനുമുമ്പുള്ള രണ്ടാഴ്ചക്കാലം)
പ്രസവത്തിന് രണ്ടാഴ്ചമുമ്പുള്ള ഈ സമയത്ത് പ്രത്യേക ശ്രദ്ധ നല്‍കണം. പ്രസവശേഷം നല്‍കാന്‍ ഉദ്ദേശിക്കുന്ന തീറ്റയുമായി പശുവിന്റെ ആമാശയത്തിന്റെ ആദ്യ അറയായ റൂമനെ പരിചയപ്പെടുത്തിക്കൊണ്ടുവരാനുള്ള സമയമാണിത്. ഏതു പുതിയ തീറ്റയോടും സമരസപ്പെടാന്‍ റൂമനിലെ സൂക്ഷ്മജീവികള്‍ രണ്ടാഴ്ചവരെ എടുക്കുന്നു. അതിനാല്‍ പ്രസവശേഷമുള്ള തീറ്റ പരിചയപ്പെടുത്താന്‍ ഈ രണ്ടാഴ്ച ഉപയോഗപ്പെടുത്തണം. ഈ സമയത്ത് ഖരാഹാരം കൂട്ടിനല്‍കി തുടങ്ങുന്ന രീതിയെ ‘സ്റ്റീമിങ് അപ് എന്നാണ് വിളിക്കുന്നത്.
ഇങ്ങനെ കറവസമയത്തുള്ള തീറ്റക്രമമാണ് ഈ കാലയളവിലെ മൊത്തം ഉല്‍പ്പാദനത്തിന്റെ അളവിനെയും തീറ്റച്ചെലവിനെയും സ്വാധീനിക്കുന്നത്. ഓരോ പശുവും കറവയുടെ ഏതു ഘട്ടത്തിലാണെന്ന് അറിഞ്ഞുവേണം തീറ്റയുടെ അളവും, ഗുണവും നിജപ്പെടുത്താന്‍. തീറ്റ നല്‍കുന്നത് പാത്രമറിഞ്ഞു വേണമെന്നു ചുരുക്കം.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)