Don't miss

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് യുഐഡിഎഐ

By on November 20, 2017

ആധാര്‍ വിവരങ്ങള്‍ 210 ഗവണ്‍മെന്റ് വെബ്‌സൈറ്റുകളിലൂടെ ചോര്‍ന്നതായുള്ള വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നതാണെന്ന് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പ്രതികരിച്ചു. ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും യുഐഡിഎഐ പറഞ്ഞു. വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ശേഖരിച്ച ഗുണഭോക്താക്കളുടെ പേര്, മേല്‍വിലാസം, ബാങ്ക് അക്കൗണ്ട്, ആധാര്‍ നമ്പരുള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തുകയാണ് ഈ വെബ്‌സൈറ്റുകള്‍ ചെയ്തിട്ടുള്ളത്. യുഐഡിഎഐ ഡേറ്റാബേസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല. ഈ വിവരങ്ങള്‍ പ്രസ്തുത വെബ്‌സൈറ്റുകളില്‍ നിന്നും ഉടനടി നീക്കം ചെയ്യാനും, ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാനും യുഐഡിഎഐയും, കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഐറ്റി മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആധാര്‍ വിവരങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ സംവിധാനങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നവയാണെന്നും യുഐഡിഎഐ അറിയിച്ചു. ബയോമെട്രിക് വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും, അതിനാല്‍ ആധാര്‍ നമ്പര്‍ വെബ്‌സൈറ്റുകളില്‍ പരസ്യമായതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും, ബയോമെട്രിക് വിവരങ്ങള്‍ കൂടാതെ ദുരുപയോഗം സാധ്യമാകില്ലെന്നും യുഐഡിഎഐ പറഞ്ഞു. ബയോമെട്രിക് വിവരങ്ങള്‍ സ്വയം ലോക്ക് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള ബയോമെട്രിക് ലോക്ക് സംവിധാനം www.uidai.gov.in എന്ന വെബ്‌സൈറ്റിലൂടെ ആധാര്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണെന്നും യുഐഡിഎഐ അറിയിച്ചു.