ആന്റിനാക്കാലം മായുന്നു; ഭൂതല സംപ്രേക്ഷണം അവസാനിപ്പിച്ച് ദൂരദര്‍ശന്‍ ഡിജിറ്റലാകുന്നു

By on March 12, 2018

തിരുവനന്തപുരം: ഒരു തലമുറക്ക് മുഴുവൻ ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ സമ്മാനിച്ചു ദൂരദർശൻ ഭൂതല സംപ്രേക്ഷണം അവസാനിപ്പിച്ചു. അനലോഗിന് വിട ചൊല്ലി ദൂരദര്‍ശന്‍ ഡിജിറ്റലായി മാറുകയാണ്. തിരുവനന്തപുരം കേന്ദ്രത്തില്‍ നിന്നുള്ള ഭൂതല സംപ്രേഷണം ദൂരദര്‍ശന്‍ ഇന്നലെ അവസാനിപ്പിച്ചു. മലയാളിക്ക് വാര്‍ത്താലോകം പരിചയപ്പെടുത്തിയ ദൂരദര്‍ശന്‍ പുതിയ കാലത്തിനൊപ്പം ചുവട് മാറുകയാണ്. മീന്‍മുള്ളിന്റെ രൂപത്തില്‍ മേല്‍ക്കൂരക്ക് മുകളില്‍ നില്‍ക്കുന്ന ആന്റിനകള്‍ ഒരു കാലത്ത് ആഡംബരത്തിന്റെ കൂടി ചിഹ്നമായിരുന്നു. പിച്ചറ് തെളിഞ്ഞു വരുവോളം പിന്നെയും പിടിച്ച് തിരിച്ച് തിരിച്ച് ടിവി കണ്ടിരുന്നൊരു കാലമുണ്ടായിരുന്നു നമുക്ക്. ദൂരദര്‍ശന്‍ ഡിജിറ്റലാകുമ്പോള്‍ ആ ഓര്‍മ്മകള്‍ കൂടിയാണ് മായുന്നത്. ഇനി പ്രത്യേക സെറ്റ് ടോപ് ബോക്‌സുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ദൂരദര്‍ശന്‍ ചാനലുകള്‍ കാണാനാകൂ. ചുരുക്കത്തില്‍ വീട്ടിലെ മേല്‍ക്കൂരകളില്‍ തലയെടുപ്പോടെ നിന്നിരുന്ന ആന്റിനകള്‍ നമ്മുടെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. അനലോഗ് ഭൂതല സംവിധാനത്തിന് കാഴ്ച്ചക്കാര്‍ ഇല്ലെന്ന കാരണത്താലാണ് പുതിയ നീക്കം. ഡിഡി.മലയാളം, നാഷണല്‍,ന്യൂസ്, സ്‌പോര്‍ട്ട്‌സ്, ഭാരതി, അനന്തപുരി എഫ്എം, ചെന്നൈ ഗോള്‍ഡ് അടക്കം അഞ്ച് ചാനലുകളും രണ്ട് എഫ്എഫും പുതിയ സെറ്റ് ടോപ് ബോക്‌സിലൂടെ ലഭ്യമാക്കുമെന്നാണ് ദൂരദര്‍ശന്‍ അറിയിപ്പ്. മലയാളിക്ക് ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച ആന്റിനക്കാലമാണ് ചരിത്രമായത്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us