Don't miss

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി പുതിയ എര്‍ട്ടിഗ

By on May 17, 2018

ന്യൂഏജ് ന്യൂസ്

പുതിയ എര്‍ട്ടിഗയെ കണ്ടതു മുതല്‍ വിപണി ആകാംഷയിലാണ്. എര്‍ട്ടിഗ വളര്‍ന്നു വലുതായി; രൂപവും ഭാവവും മാറി. മോഡലിന്റെ പുറംമോഡിയിലും അകത്തളത്തിലും പരിഷ്‌കാരങ്ങള്‍ ഒരുപോലെ. സെപ്തംബറില്‍ പുതുതലമുറ മാരുതി എര്‍ട്ടിഗ വിപണിയില്‍ കടക്കും. ഔദ്യോഗിക വരവിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ എര്‍ട്ടിഗയുമായി മാരുതി പരീക്ഷണയോട്ടം തുടങ്ങി. ഇന്ത്യന്‍ നിരത്തില്‍ കറങ്ങിയടിക്കുന്ന എര്‍ട്ടിഗയുടെ ചിത്രങ്ങള്‍ മോഡലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് പുതിയ എര്‍ട്ടിഗയില്‍. എംപിവിയില്‍ ഇടംപിടിക്കുക ഏറ്റവും പുതിയ 1.5 ലിറ്റര്‍ K15B സീരീസ് പെട്രോള്‍ എഞ്ചിന്‍.

102 bhp കരുത്തും 138 Nm torqueഉം എഞ്ചിന് പരമാവധിയുണ്ട്. അതേസമയം എര്‍ട്ടിഗ ഡീസലില്‍ മാറ്റമുണ്ടാകില്ല; 1.3 ലിറ്റര്‍ എഞ്ചിന്‍ ഡീസല്‍ പതിപ്പില്‍ തുടരും. പുതുതലമുറ മാരുതി കാറുകള്‍ അണിനിരക്കുന്ന HEARTECT അടിത്തറയില്‍ നിന്നാണ് പുതിയ എര്‍ട്ടിഗയും വരിക. ഇക്കാരണത്താല്‍ എംപിവിയുടെ ഭാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ മൈലേജ് എര്‍ട്ടിഗ വാഗ്ദാനം ചെയ്യും. അടിമുടി പരിഷ്‌കരിച്ച രൂപകല്‍പനയാണ് പുതിയ എര്‍ട്ടിഗയ്ക്ക്. മുഖരൂപം ഗൗരവമായി പുതുക്കിയിട്ടുണ്ട്.

ക്രോം അലങ്കാരം നേടിയ ഹെക്സഗണല്‍ ഗ്രില്ലും, കോണോട് കോണ്‍ ചേര്‍ന്ന ഹെഡ്‌ലാമ്പുകളും മുന്നില്‍ ശ്രദ്ധായകര്‍ഷിക്കും. ഹെഡ്‌ലാമ്പുകളില്‍ പ്രൊജക്ടര്‍ ലെന്‍സുകളാണ്. ബമ്പറിലുള്ള ഫോഗ്‌ലാമ്പുകള്‍ ത്രികോണാകൃതി പിന്തുടരുന്നു. താഴെ നടുവില്‍ എയര്‍ ഡാമമുണ്ട്. കാഴ്ചയില്‍ മുന്‍ ബമ്പര്‍ സ്പോര്‍ടിയാണ്. പക്വത വെളിപ്പെടുത്താന്‍ ബോണറ്റിലുള്ള വരകള്‍ തന്നെ ധാരാളം. വശങ്ങളില്‍ ഷൗള്‍ഡര്‍ ലൈന്‍ ആദ്യം ശ്രദ്ധപിടിച്ചുപറ്റും. ഡോര്‍ ഹാന്‍ഡിലുകളിലൂടെ ഒഴുകിയെത്തുന്ന ഷൗള്‍ഡര്‍ ലൈന്‍ ടെയില്‍ലാമ്പുകളില്‍ വന്നണയുന്നു. ചെരിഞ്ഞിറങ്ങുന്ന ശൈലിയാണ് മേല്‍ക്കൂരയ്ക്ക്. പിന്നിലാണ് എര്‍ട്ടിഗയുടെ യഥാര്‍ത്ഥ ചാരുത വെളിപ്പെടുക. L ആകൃതിയിലുള്ള പുതിയ സ്പ്ലിറ്റ് ടെയില്‍ലാമ്പ് ക്ലസ്റ്ററാണ് എംപിവിയില്‍. പിറകിലെ വിന്‍ഡ്സ്‌ക്രീന്‍ ഒരല്‍പം കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

6.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ലെതറില്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, പുത്തന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് എര്‍ട്ടിഗയുടെ അകത്തള വിശേഷങ്ങള്‍. ഇക്കുറി അകത്തളം വിശാലമായിരിക്കും. 60:40 വിഭജന അനുപാതത്തിലാണ് മധ്യനിര സീറ്റുകള്‍. മൂന്നാം നിരയില്‍ 50:50 അനുപാതത്തില്‍ സീറ്റുകള്‍ വിഭജിക്കാം. കാറിന്റെ നീളം കൂടിയതുകൊണ്ടു ബൂട്ട് സ്പെയ്സും കാര്യമായി വര്‍ധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.

Follow Us