Don't miss

ഇത് ടാക്സ് ടെററിസം തന്നെ, വേണ്ടത് സമ്പൂർണ പരിഷ്കരണം.

By on October 31, 2017

ന്യൂ ഏജ് ബിഗ് ഡിബേറ്റ് നാലാം ഭാഗം
ഇത് ടാക്സ് ടെററിസം തന്നെ, വേണ്ടത് സമ്പൂർണ പരിഷ്കരണം
ന്യൂ ഏജ് എഡിറ്റർ സെബിൻ പൗലോസ് എഴുതുന്നു


നരേന്ദ്ര മോദിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനം ജി എസ് ടി ആയിരുന്നില്ല. ടോട്ടൽ ടാക്സ് റിഫോംസ് ആയിരുന്നു; പ്രധാനമായും ആദായ നികുതിയുടെ കാര്യത്തിൽ.പക്ഷെ അത് ജിഎസ്ടി യിൽ ഒതുങ്ങി. ഇതിലൊരു നൂതനത്വവുമില്ല. ചെക് പോസ്റ്റുകൾ പൊളിച്ചു എന്നൊരു നല്ല കാര്യം വിസ്മരിക്കുന്നില്ല. പക്ഷെ ജിഎസ്ടി വന്നതോടെ ഒരൊറ്റ നികുതി എന്നൊക്കെ പറയുന്നത് വാസ്തവമല്ല.. എത്രയെത്രെ നികുതികൾ ബാക്കി. ആദായ നികുതി, കെട്ടിട നികുതി, ഭൂ നികുതി, പ്രൊഫഷണൽ ടാക്സ്, എക്സ്സ്‌പോർട്,ഇമ്പോർട് ടാക്സ് .. അങ്ങനെ നികുതികളൊക്കെ തുടരുകയാണ്. യുക്തിക്കു നിരക്കാത്ത നിരവധി സ്ലാബുകൾ.. പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള കൊള്ള നികുതി വേറെ.
ഈ പരിഷ്‌കാരം അനവസരത്തിലും അസമയത്തും ആയിപ്പോയി.
ഇന്ത്യയിലെ ടാക്സ് രാജിന് ജിഎസ്ടി ഒരു പരിഹാരമല്ല. ടോട്ടൽ റിഫോംസ് തന്നെയാണ് വേണ്ടത്.
ഏറ്റവും സങ്കീർണമായ നികുതി ഘടന ഉള്ള രാജ്യമാണ് ഇന്ത്യ.താരതമ്യേന ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നുമാണ് നമ്മുടേത്.ഇന്ത്യയിൽ സർക്കാർ വരുമാനത്തിന്റെ സിംഹ ഭാഗവും നികുതി വരുമാനമാണ്. നികുതി ഇതര വരുമാന സ്രോതസുകൾ കണ്ടെത്തുന്നതിൽ സർക്കാരുകൾക്ക് വലിയ താല്പര്യമില്ല.
ഈ നികുതി പണത്തിന്റെ നാലിലൊന്നു പ്രതിരോധത്തിന് പോകുന്നു. സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും പോറ്റാൻ മറ്റൊരു വിഹിതം പോകും.ഒരായിരം സർക്കാർ സ്കീമുകളിലേക്ക് മറ്റൊരു പ്രധാന പങ്കും. നമ്മുടെ നികുതി പണം നീതി പൂർവം വിനിയോഗിക്കപ്പെടുന്നുണ്ടെന്നു വിശ്വസിക്കാൻ ഒരു പൗരന് പ്രയാസമുണ്ട്.
ജിഎസ്ടി,ഒരു ഡസനോളം നികുതികൾ, സർക്കാർ ലൈസൻസ് ഫീസുകൾ, പി എഫ്, ഗ്രാറ്റുവിറ്റി, ഇഎസ്ഐ തുടങ്ങിയ സ്റ്റാറ്റ്യൂട്ടറി കാര്യങ്ങൾ, ഇതൊക്കെ തീർത്തു ഒരു ബിസിനസ് നടത്തുന്ന സംരംഭകന് പിന്നെ ലാഭത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ ടാക്സ്, ലെവി ,സെസ് എന്നീ വകുപ്പുകളിൽ വീണ്ടും സർക്കാരിൽ ഒടുക്കണം. പിന്നെന്തിനു ബിസിനസ് നടത്തണമെന്ന് ആരും ചിന്തിച്ചു പോകില്ലേ?
ബിസിനസ് സൗഹൃദ പരമായി ടാക്സ് ഘടന മാറണം . എങ്കിലേ കൂടുതൽ പേർ മുതൽ മുടക്കാൻ തയ്യാറാവൂ. ഇൻകം ടാക്സ് എടുത്തു കളയണം. ആളുകൾ കൂടുതൽ പണം ഉണ്ടാക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം. ഇത് ഒറ്റയടിക്ക് നടന്നെന്നു വരില്ല. ആദായ നികുതി ശതമാനം കുറച്ചു, കുറച്ചു കൊണ്ട് വരണം. ഇൻകം ടാക്സ് സർക്കാർ വാങ്ങുന്നത്തിനു പകരം ഈ പണം കമ്പനികളോട് സി എസ്ആർ സ്കീമുകൾ ഉണ്ടാക്കി നടപ്പാക്കാൻ ആവശ്യപ്പെട്ടാൽ അത് കുറേക്കൂടി സര്ഗാത്മകമാകും. ഇത് ഓഡിറ്റിങ്ങിനു വിധേയവും വ്യവസ്ഥാപിതവുമായാൽ കൂടുതൽ റിസൾട്ട് ഉണ്ടാകും.
സർക്കാരുകൾ ,നികുതി മാത്രം ശരണം എന്ന കാഴ്ചപ്പാടിൽ നിന്നും മാറണം. വര്ഷങ്ങളായി അങ്ങോട്ട് പണം വാങ്ങുക മാത്രം ചെയ്തിരുന്ന ഐഎസ്ആർഒ നൂറു കണക്കിന് ഉപഗ്രഹങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വി ക്ഷേപിച്ചു വലിയ വരുമാനം സൃഷ്ടിച്ചത് എത്ര മാതൃകാപരമാണ്.നമ്മുടെ ഗവേഷണ സ്ഥാപനങ്ങളൊക്കെ ഈ രൂപത്തിൽ മാറണം.
നമ്മുടെ പാസ്പോര്ട്ട് ഫെസിലിറ്റേഷൻ സെന്റര്കളിൽ വന്ന മാറ്റം കണ്ടില്ലേ.ആ സംവിധാനം നിലനിത്താനുള്ള പണം അവിടെ നിന്ന് തന്നെ കണ്ടെത്തുന്നു. സേവനങ്ങളുടെ നടത്തിപ്പ് ഔട്സോഴ്സ് ചെയ്തു പ്രൊഫെഷനലാക്കി .
സൈനിക ചെലവുകൾ കുറച്ചു കൊണ്ട് വരേണ്ടതാണ്. ഭാവിയിലെ യൂദ്ധം ബൊഫോഴ്‌സ് ഉപയോഗിച്ചാവില്ല എന്നോർക്കുക. അവിടെ നിന്നും വാണിജ്യ ഉത്പന്നങ്ങളും സേവനങ്ങളും ഉണ്ടാകണം.
ഇന്ത്യ ഇപ്പോഴും ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ നൂറി ലും താഴെയാണ്. ഇതിന്റെ ഒരു പ്രധാന കാരണം നമ്മുടെ അനാകര്ഷക ടാക്സ് ഘടന തന്നെയാണ്. ഇവിടെ സമ്പത്തുണ്ടാക്കുന്നതു പാപമാണ് ! പണമുണ്ടാക്കുന്നവൻ കുറ്റവാളിയാകുന്നു !! സർക്കാർ ഔദ്യോഗിക സന്നാഹങ്ങൾ ഉപയോഗിച്ച് പിടിച്ചുപറി നടത്തും. എന്നിട്ടു നമ്മൾ ‘മേക്ക് ഇൻ ഇന്ത്’ നടത്തി ലോകത്തോട് മുഴുവൻ ഇവിടെ നിക്ഷേപം നടത്താൻ പറയും. സ്വന്തം നാട്ടുകാർക്ക് വിശ്വാസമില്ലാത്തിടത്തു എങ്ങനെ ലോകം വിശ്വസിച്ചു വരും..
ആദ്യം മേക്ക് ഇൻ ഇന്ത്യ, പിന്നെ സ്കിൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, ക്ലീൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ … ഒടുവിൽ ഡി മോണിറ്റൈസേഷനും, ജിഎസ്ടി യും വഴി സർക്കാർ ഫലത്തിൽ ചെയ്തത് ഷട്ട്ഡൗൺ ഇന്ത്യയാണ് .
ജിഎസ്ടി ഒട്ടും ഇന്നൊവേറ്റീവ് അല്ലാത്ത ഒരു പരിഷ്കരമാണ്. പുതിയ ഇന്ത്യക്കു വേണ്ടത് സർഗാത്മകമായ ഒരു നികുതി ഘടനയാണ്. അടിച്ചേൽപിക്കലല്ല. ഉദ്യോഗസ്ഥർ സ്ലാബുകൾ മാറ്റി മറിച്ചത് കൊണ്ടായില്ല. സ്ലാബുകളിലല്ല പ്രശ്നം. അടിസ്ഥാനപരമായി ഗവൺമെന്റ് ഫിനാൻസ് ആണല്ലോ ഇതിന്റെ ന്യൂക്ലിയസ്. സർക്കാരിന്റെ വരവും ചെലവും. വരവ് കൂട്ടണം. ചെലവ് ഫലപ്രദമാകണം. വരുമാനത്തിന് ഒരായിരം പുത്തൻ സങ്കേതങ്ങൾ കണ്ടെത്താൻ പറ്റും . യു എസിൽ കൊണ്ടുവന്ന ഇൻവെസ്റ്റ്മെന്റ് വിസ പോലുള്ള നൂതനമായ വഴികൾ. അറബ് രാജ്യങ്ങളെ സമ്പന്നമാക്കിയ സ്‌പോൺസർഷിപ് സംവിധാനം പോലുള്ള മാർഗങ്ങൾ … അങ്ങനെ പലതും.
ആദ്യം അടി മുടി മാറേണ്ടത് ഗവണ്മെന്റ് ഫിനാൻസ് തന്നെ. അവിടെ പുത്തൻ ആശയങ്ങളും, പ്രായോഗിക പരിഹാര വഴികളും രൂപം കൊള്ളണം. എന്നിട്ട് ടാക്‌സിലേക്കു വന്നാൽ ഒരു പുതിയ ഘടന ഉണ്ടാക്കാൻ സാധിക്കും, തീർച്ച.
ഈ വിഷയത്തിലുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ @Newagedaily എന്ന ഫേസ്ബുക്ക്‌ പേജിലോ teamnewage@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ പങ്കുവെക്കാവുന്നതാണ്
(തുടരും)