Don't miss

ഇന്ത്യന്‍ കമ്പനികളുടെ ധനസമാഹരണത്തില്‍ വന്‍ വര്‍ധന

By on November 6, 2017

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം സ്ഥാപന നിക്ഷേപകരില്‍ നിന്നുള്ള ഇന്ത്യന്‍ കമ്പനികളുടെ ധനസമാഹരണത്തില്‍ വന്‍ വര്‍ധന. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ കമ്പനികളുടെ ക്വാളിഫൈയ്ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരില്‍ നിന്നുള്ള ധനസമാഹരണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 മടങ്ങുയര്‍ന്നു. സെബി ലഭ്യമാക്കുന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച് ആ സാമ്പത്തിക വര്‍ഷം ആദ്യ പകുതയില്‍ ക്യുഐപി വഴിയുടെ ഇന്ത്യന്‍ കമ്പനികളുടെ ധനസമാഹരണം 36,653 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനികള്‍ സമാഹരിച്ചത് 2,818 കോടി രൂപയാണ്. രാജ്യത്തെ ലിസ്റ്റഡ് കമ്പനികളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ധനസമാഹരണത്തിന്റെ നാല് മടങ്ങോളം വരും ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതയിലെ ധനസമാഹരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8,464 കോടി രൂപയാണ് സമാഹരിച്ചത്.

ബിസിനസ്സ് വിപുലീകരണം, വായ്പ തിരിച്ചടവ്, പ്രവര്‍ത്തന മൂലധന ആവശ്യം, മറ്റ് കമ്പനി ആവശ്യങ്ങള്‍ എന്നിവയ്ക്കായാണ് പ്രധാനമായും ക്യുഐപി മാര്‍ഗം കമ്പനികളിലേറെയും ധനസമാഹരണം നടത്തിയത്. ലിസ്റ്റഡ് കമ്പനികള്‍ക്ക് ആഭ്യന്തര വിപണിയില്‍ നിന്നും ധനസമാഹരണം നടത്താനുള്ള ബദല്‍ മാര്‍ഗങ്ങളില്‍ ഒന്നാണ് ക്യുഐപി. ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 16 ക്യുഐപി ഇഷ്യുകള്‍ നടന്നു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 9 ഇഷ്യു ആണ് ഉണ്ടായത്.