ഇന്ത്യന്‍ വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കാന്‍ ഒരുങ്ങി വോള്‍വോ കാര്‍സ്

By on May 18, 2017

ബംഗളൂരു: സ്വീഡിഷ് ആഢംബര കാര്‍ നിര്‍മാതാക്കളായ വോള്‍വോ കാര്‍സ് ഇന്ത്യന്‍ വിപണിയില്‍ സാന്നിദ്ധ്യം ശക്തമാക്കാന്‍ ഒരുങ്ങുന്നു. വരും വര്‍ഷങ്ങളില്‍ വിപണി വിഹിതം ഇരട്ടിയാക്കാനാണ് കമ്പനിയുടെ ലക്ഷ്യം . ഇതിന്റെ മുന്നോടിയായി ഈ വര്‍ഷം മുതല്‍ ഇന്ത്യയില്‍ കമ്പനിയുടെ വാഹനങ്ങശ്# സംയോജിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് വോള്‍വോ കാര്‍സിന്റെ പദ്ധതി.ബംഗളൂരുവിന് സമീപത്തായിരിക്കും പുതിയ അസ്സെബ്ലി യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുക.

ഇവിടെയുള്ള വോള്‍വോ ഗ്രൂപ്പ് ഇന്ത്യയുടെ നിലവിലെ അടിസ്ഥാന സൗകര്യങ്ങളും ലൈസന്‍സും ഇതിനായി ഉപയോഗിക്കും. അസ്സെബ്ലി യൂണിറ്റ് സ്ഥാപിക്കുന്നതിന് ട്രക്, ബസ് നിര്‍മാതാക്കളായ വോള്‍വോ ഗ്രൂപ്പ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. കമ്പനിയുടെ പ്രീമിയം മോഡലായ എസ്‌യുവി എക്‌സ് സി90 ആയിരിക്കും ഇന്ത്യയില്‍ ആദ്യം അസംബിള്‍ ചെയ്യുക. ബാക്കി മോഡലുകള്‍ ഏതെല്ലാമാണന്ന് പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യയിലെ ആഢംബര കാര്‍ വിപണിയില്‍ വോള്‍വോയുടെ വിപണി വിഹിതം 5 ശതമാനമാണ്. 2020 ഓടെ ഇത് ഇരട്ടിയാക്കാനാണ് ലക്ഷ്യം. നിലവില്‍ ഇന്ത്യയിലെ ആഢംബര കാര്‍ വിപണി ഏകദേശം 34,000 യൂണിറ്റിന്റേതാണ്. 2015 ലെ 36,000 യൂണിറ്റില്‍ നിന്നും 5 ശതമാനം കുറവാണിത്. കഴിഞ്ഞ വര്‍ഷം വോള്‍വോ ഓട്ടോ ഇന്ത്യ 1,600 വാഹനങ്ങള്‍ വിറ്റു. 2015 ല്‍ 1,423 യൂണിറ്റുകള്‍ വിറ്റിരുന്നു. 2014 ലെ വില്‍പ്പന 1,202 യൂണിറ്റുകളാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയിലെ വില്‍പ്പനയില്‍ 32 ശതമാനം വളര്‍ച്ച നേടാന്‍ കഴിഞ്ഞതായി വോള്‍വോ കാര്‍സ് പറഞ്ഞു. ഈ വര്‍ഷം വില്‍പ്പനയില്‍ 25 ശതമാനം വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം 2,000 വാഹനങ്ങള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.

Follow Us