ഇന്ത്യയിലെ ആദ്യത്തെ എ.ആര്‍. വെയ്ന്‍ ഫൈന്‍ഡര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍

By on March 13, 2018

കൊച്ചി: ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആര്‍) വെയ്ന്‍ ഫൈന്‍ഡര്‍ ഉപയോഗിക്കുന്നു. കുറഞ്ഞ ചെലവില്‍ രോഗികള്‍ക്ക് അസ്വസ്ഥതയും വേദനയുമില്ലാതെ രക്തക്കുഴലുകളില്‍ കുത്തിവയ്പ്പ് നടത്തുന്നതിന് കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മെഡ്ട്ര ഇന്നവേറ്റീവ് ടെക്‌നോളജീസ് രൂപകല്‍പ്പന ചെയ്തതാണ് വെയ്ന്‍ ഫൈന്‍ഡര്‍.
ആശുപത്രികളില്‍ രക്തമെടുക്കുന്നതിനോ, ഐവി ഉപയോഗിക്കുന്നതിനോ സിരകള്‍ കണ്ടെത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാല്‍, വെയ്‌നസ് എആര്‍ 100 ത്വക്കിന് മുകളിലായി കാണിക്കുമ്പോള്‍ സിരകള്‍ വ്യക്തമായി കാണാനാവും. ഇതുവഴി രോഗിയുടെ മാനസികസമ്മര്‍ദ്ദവും വേദനയും കുറയ്ക്കാനും സിരകള്‍ കണ്ടെത്തുന്നതിനായി ഒന്നിലധികം തവണ കുത്തിവയ്ക്കുന്നത് ഒഴിവാക്കുന്നതിനും സാധിക്കും.
വേദനയും ആശങ്കയും സമ്മര്‍ദ്ദവുമില്ലാതെ രക്തമെടുക്കുന്നതിനും ഐവി ഇടുന്നതിനും ഡോക്ടര്‍മാരേയും രോഗികളെയും സഹായിക്കുന്നതാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ എ.ആര്‍. വെയ്ന്‍ ഫൈന്‍ഡര്‍ എന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒയും കേരള ക്ലസ്റ്റര്‍ ഹെഡുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പ് വിശദമായ ഗവേഷണങ്ങളിലൂടെ രൂപപ്പെടുത്തി പരീക്ഷണങ്ങള്‍ നടത്തി അധികൃതരുടെ അംഗീകാരം നേടിയെടുത്തതാണ് വെയ്‌നക്‌സ് എ.ആര്‍. 100.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വെയ്ന്‍ ഫൈന്‍ഡറുകള്‍ക്ക് ഉയര്‍ന്ന വിലയായതിനാല്‍ ഇന്ത്യയില്‍ വെയ്ന്‍ ഫൈന്‍ഡറുകള്‍ സാധാരണയായി ഉപയോഗിക്കുന്നില്ലെന്ന് മെഡ്ട്ര ഇന്നവേറ്റീവ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ എസ്. സുജിത് പറഞ്ഞു. കുറഞ്ഞ ചെലവില്‍ ആരോഗ്യപരിചരണം ലഭ്യമാക്കാന്‍ വെയ്‌നക്‌സ എ.ആര്‍. 100 സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us