Don't miss

ഇന്ത്യ 7.4% ജിഡിപി വളര്‍ച്ച നേടും: എഡിബി

By on May 3, 2017
adb1

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.4 ശതമാനം വളര്‍ച്ച നേടുമെന്ന് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് (എഡിബി). അടുത്ത സാമ്പത്തിക വര്‍ഷം 7.8 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. പാപ്പരത്തം, ജിഎസ്ടി എന്നിവയുമായി ബന്ധപ്പെട്ടുള്ള പുതിയ നിയമങ്ങള്‍ ഇന്ത്യയില്‍ ബിസിനസ്സ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും എഡിബിയുടെ ചീഫ് ഇക്കണോമിസ്റ്റ് യസുയുകി സവാദ പറഞ്ഞു. അമ്പതാം വാര്‍ഷിക യോഗത്തിന്റെ മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗങ്ങളായുള്ള രാജ്യങ്ങളിലെ ധന മന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

ചൈന ഉള്‍പ്പടെയുള്ള മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ 7 ശതമാനത്തിന് മുകളിലുള്ള വളര്‍ച്ചാ നിരക്ക് ഉയര്‍ന്നതാണന്ന് സവാദ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന പുതിയ പാപ്പരത്ത നിയമം രാജ്യത്തെ ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.കറന്‍സി നിരോധനം രാജ്യത്ത് ഹ്രസ്വകാലത്തിലേക്ക് മാത്രമാണ് പ്രതികൂല അന്തരീക്ഷം സൃഷ്ടിച്ചതെന്നും ദീര്‍ഘകാലത്തില്‍ വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കരണങ്ങളില്‍ ഒന്നായ ജിഎസ്ടിയും ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.