Don't miss

ഇന്‍ഫോസിസിന്റെ തലപ്പത്തുനിന്ന്‌ വീണ്ടും രാജി

By on December 21, 2013

ബാംഗ്ലൂര്‍ : രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ തലപ്പത്തു നിന്നു വീണ്ടും കൊഴിഞ്ഞുപോക്ക്‌. ഇത്തവണ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവും ഇന്ത്യ ബിസിനസ്‌ യൂണിറ്റ്‌, ബിപിഒ, ഫിനാക്കിള്‍ എന്നിവയുടെ മേധാവിയുമായ വി.ബാലകൃഷ്‌ണനാണ്‌ രാജിവെച്ചത്‌. ഇന്‍ഫോസിസ്‌ കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത ലോഡ്‌സ്‌റ്റോണിന്റെ ചെയര്‍മാന്‍ കൂടിയാണ്‌ അദ്ദേഹം.

കമ്പനിയുടെ അടുത്ത സിഇഒ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെട്ടിരുന്നയാളാണ്‌ ബാല. ഡിസംബര്‍ 31ന്‌ അദ്ദേഹം സ്ഥാനമൊഴിയും.

കഴിഞ്ഞ ആറുമാസത്തിനിടെ നടക്കുന്ന എട്ടാമത്തെ രാജിയാണ്‌ ഇത്‌. കമ്പനിയുടെ ചെയര്‍മാനായി എന്‍ആര്‍ നാരായണമൂര്‍ത്തി മടങ്ങിയെത്തിയ ശേഷമാണ്‌ ഇവരെല്ലാം കൊഴിഞ്ഞുപോയത്‌.

ബാലകൃഷ്‌ണന്റെ രാജി ഇന്‍ഫോസിസിനുള്ളിലും ഐടി മേഖലയിലൊന്നാകെയും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്‌. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള രാജിയുടെ കാരണം അറിവായിട്ടില്ല. ബാലയുടെ തീക്ഷ്‌ണതയും ബുദ്ധിയുമില്ലാതെ ഇന്‍ഫോസിസിനെ മുന്നോട്ടു നയിക്കുന്നത്‌ ശ്രമകരമായ ദൗത്യമാണെന്ന്‌ നാരായണമൂര്‍ത്തി അഭിപ്രായപ്പെട്ടു.

സിഇഒ സ്ഥാനത്തേക്ക്‌ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന മറ്റൊരാളായ അശോക്‌ വേമുറി ആഗസ്‌തില്‍ രാജിവെച്ചിരുന്നു. കമ്പനിയുടെ എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ അംഗവും സീനിയര്‍ വൈസ്‌ പ്രസിഡന്റുമായ സുബ്രഹ്മണ്യം ഗോപരാജു കഴിഞ്ഞ ദിവസം രാജിവെച്ചു.

അതിനിടെ, ബയോടെക്‌നോളജി കമ്പനിയായ ബയോകോണിന്റെ മേധാവിയായ കിരണ്‍ മജുംദാര്‍ ഷായെ ഇന്‍ഫോസിസിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. ഇന്‍ഫോസിലെ ഇപ്പോഴത്തെ കൊഴിഞ്ഞുപോക്ക്‌ നാരായണമൂര്‍ത്തിയുടെ മടങ്ങിവരവിനു ശേഷമുള്ള വന്‍മാറ്റങ്ങളുടെ ഭാഗമാണെന്നും അതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കിരണ്‍ മജുംദാര്‍ ഷാ പറഞ്ഞു.