ഇരട്ടി കരുത്തുമായി ഇന്ത്യയുടെ ആദ്യത്തെ ഹൈപവര്‍ ട്രെയിന്‍ എന്‍ജിന്‍ പുറത്തിറങ്ങി

By on April 11, 2018

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ഹൈപവര്‍ ഇലക്ട്രിക് ലോകോമോട്ടീവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. ബീഹാറിലെ മോതിഹാരിയില്‍ നടന്ന ചടങ്ങിലാണ് എന്‍ജിന് പ്രധാമന്ത്രി പച്ചക്കൊടി വീശിയത്. ബിഹാറിലെ മധേപുര ഫാക്ടറിയിലാണ് ഈ ഇലക്ട്രിക് എന്‍ജിന്‍ കൂട്ടിയോജിപ്പിച്ചത്. ഇന്ത്യന്‍ റെയില്‍വേയും ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റവും സംയുക്തമായാണ് ഇത് നിര്‍മിച്ചത്. 2015 ലാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെച്ചത്. റെയില്‍വേയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്ന നയപ്രകാരം ആദ്യം ഒപ്പുവെച്ച കരാറാണ് അല്‍സ്റ്റവുമായുള്ളത്.
1300 കോടിയാണ് ഫ്രഞ്ച് കമ്പനിയുടെ മുതല്‍മുടക്ക്. റെയില്‍വേ 100 കോടിയും മുടക്കും. മധേപുരയിലെ ഫാക്ടറിയില്‍ നിന്ന് ആദ്യം പുറത്തിറങ്ങുന്ന ഉത്പന്നവും ഈ ലോകോമോട്ടീവാണ്. ഫാക്ടറിയെ രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. ചരക്കുതീവണ്ടികളിലാണ് ഇവ ആദ്യം ഘടിപ്പിക്കുക. കല്‍ക്കരി, ഇരുമ്പയിര് തുടങ്ങിയ ഭാരമേറിയ ചരക്കുകള്‍ കൊണ്ടുപോകാനായി ഇവ ഉപയോഗിക്കും.
12000 കുതിരശക്തിയുള്ള എന്‍ജിനാണ് റെയില്‍വേ സ്വന്തമാക്കുന്നത്. ഇതോടെ റഷ്യ, ചൈന, ജര്‍മനി, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന എലൈറ്റ് ക്ലബ്ബില്‍ ഇന്ത്യ ഇടം നേടി. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ പക്കലുള്ള ഏറ്റവും ശക്തിയേറിയ എന്‍ജിന് ഇതിന്റെ പകുതി കരുത്ത് മാത്രമേയുള്ളു.
12000 കുതിരശക്തിയുള്ള 800 എന്‍ജിനുകള്‍ നിര്‍മിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. എല്ലാ റെയില്‍പാതകളും വൈദ്യുതവത്കരിക്കുന്നതോടെ അടുത്ത 11 വര്‍ഷത്തിനുള്ളില്‍ ഇത്രയധികം എന്‍ജിനുകള്‍ ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടല്‍.
മണിക്കൂറില്‍ 110 കിലോമീറ്റര്‍ പരമാവധി വേഗമെടുക്കാന്‍ കഴിയുന്ന എന്‍ജിനാണ് ഇവ. വളരെവേഗം പരമാവധി വേഗത കൈവരിക്കാമെന്നതിനാല്‍ തിരക്ക് കൂടുതലുള്ള പാതകളില്‍ കൂടി സഞ്ചരിക്കുബോഴുണ്ടാകുന്ന സമയ നഷ്ടം പരിഹരിക്കാന്‍ സാധിക്കും. ഈ സാമ്പത്തീക വര്‍ഷം നാല് എഞ്ചിനുകള്‍ കൂടി നിര്‍മിച്ച് റെയില്‍വേയ്ക്ക് കൈമാറും. ശേഷിക്കുന്ന 795 എന്‍ജിനുകള്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പെടുത്തി ഇന്ത്യയില്‍ നിര്‍മിക്കും. 2019-2020 സാമ്പത്തീക വര്‍ഷത്തില്‍ 35 എന്‍ജിനുകളാണ് നിര്‍മിക്കുക. 60 എന്‍ജിനുകള്‍ അടുത്ത സാമ്പത്തീക വര്‍ഷവും 2021-22 സാമ്പത്തീക വര്‍ഷം മുതല്‍ 100 എന്‍ജിനുകള്‍ എന്ന നിലയിലേക്ക് ശേഷി വര്‍ധിപ്പിക്കും.
35 എന്‍ജിനീയര്‍മാര്‍ രാവും പകലുമായി ഫാക്ടറിയില്‍ എന്‍ജിനുകള്‍ കൂട്ടിയോജിപ്പിക്കാന്‍ ജോലിചെയ്യുന്നത്. 20000 കോടി നിക്ഷേപമാണ് ഫാക്ടറിക്കായി വരുന്നത്. 2007 ല്‍ അന്നത്തെ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവാണ് ഫാക്ടറിക്ക് തറക്കല്ലിട്ടത്. 250 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറിയുള്ളത്. ഈ ഫാക്ടറിയെയാണ് പുതിയ എഞ്ചിനുകള്‍ നിര്‍മിക്കാനുള്ള തരത്തിലേക്ക് മാറ്റിയത്. പാട്‌നയില്‍ നിന്ന് 284 കിലോമീറ്റര്‍ അകലെയാണ് പ്രസ്തുത ഫാക്ടറി.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us