ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട് ഫോണുകളുടെ വില കൂടിയേക്കും

By on April 26, 2017

വിലയില്‍ 5-10% വര്‍ധന പ്രതീക്ഷിക്കാം

ഇറക്കുമതി നികുതി ചുമത്തുന്ന കാര്യം പരിഗണനയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെ വിലയില്‍ വര്‍ധന പ്രതീക്ഷിക്കാം. ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം ഇറക്കുമതി ചെയ്യുന്ന സ്മാര്‍ട് ഫോണുകള്‍ക്ക് നികുതി ചുമത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്. രാജ്യത്തെ തൊഴിലവസരങ്ങള്‍ ഉയര്‍ത്തുക, പ്രാദേശികമായുള്ള ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ നീക്കം.ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഫോണുകളുടെയും ഐഫോണുകളുടെയും വിലയില്‍ 5-10 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കാം.ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്ക് നിലവില്‍ ചില നികുതി ഇളവുകള്‍ ലഭ്യമാക്കുന്നുണ്ട്. ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇതിന് മാറ്റം ഉണ്ടാവും. ഇറക്കുമതി നികുതി ചുമത്തുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഗ്രിമെന്റിന് എതിരാകുമോ എന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീ മന്ത്രാലയം പരിശോധിക്കും. ഇത് സംബന്ധിച്ച് നിയമോപദേശങ്ങള്‍ തേടിയിട്ടുണ്ട്.വിവിധ ഘട്ടങ്ങളിലായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഫെബ്രുവരയില്‍ ഐ-ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന് ഇന്ത്യയില്‍ ഫോണുകള്‍ അസംബിള്‍ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ഇതോടെ ആഗോള തലത്തില്‍ ആപ്പിള്‍ ഫോണുകള്‍ ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി ഇന്ത്യ .

 

Follow Us