Don't miss

ഈ വര്‍ഷവും ഇപിഎഫ് നിക്ഷേപത്തിന് 8.65% പലിശ നിലനിര്‍ത്തിയേക്കും

By on May 10, 2017

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപകര്‍ക്ക് 8.65 ശതമാനം പലിശ നല്‍കുന്നത് ഈ വര്‍ഷവും തുടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ 8.65 ശതമാനമായി നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ധാരു ദത്താത്രയ പറഞ്ഞു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെ(സിബിടി) തലവന്‍ കൂടിയാണ് അദ്ദേഹം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ( ഇപിഎഫ്ഒ) തീരുമാനങ്ങള്‍ എടുക്കുന്ന ഉന്നതാധികാര സമതിയാണ് സിബിടി. ഈ സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്ക് സംബന്ധിച്ച് പറയുക പ്രയാസമാണ് .

എന്നാല്‍, 8.65 ശതമാനം തന്നെ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത് എങ്കിലും നിക്ഷേപകരെ സംബന്ധിച്ച് ആകര്‍ഷകമായ സ്ഥിര വരുമാന നിക്ഷേപങ്ങളില്‍ ഒന്നാണ് ഇപ്പോഴും ഇപിഎഫ്. ഇപിഎഫ്ഒയുടെ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കുറയുന്ന സാഹചര്യം കണക്കിലെടുത്ത് ഇപിഎഫിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കാന്‍ ധന മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിങ്‌സ് സര്‍ടിഫിക്കേറ്റ്‌സ്( എന്‍എസ് സി) , കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് നിക്ഷേപം എന്നിവയുടെ പലിശ നിരക്കില്‍ ഇതിനോടകം കുറവ് വരുത്തിയിട്ടുണ്ട്.2015-16 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഇപിഎഫിന്റെ പലിശ നിരക്കില്‍ 10 ബേസിസ് പോയിന്റിന്റെ കുറവ് വരുത്താന്‍ ധനമന്ത്രാലയം തുടക്കത്തില്‍ നിര്‍ദ്ദേശം നല്‍കിയതാണ്. എന്നാല്‍ ട്രേഡ് യൂണിയനുകളില്‍ നിന്നും എതിര്‍പ്പ് ശക്തമായതിനാല്‍ ഉയര്‍ന്ന പലിശ നിരക്ക് നിലനിര്‍ത്താന്‍ സിബിടി തീരുമാനിക്കുകയായിരുന്നു. നിക്ഷേപകര്‍ക്ക് 8.8 ശതമാനം നിരക്കില്‍ പലിശ ലഭ്യമാക്കിയതിന്റെ ഫലമായി 2016 സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇപിഎഫ്ഒയുടെ കൈവശമുള്ള മിച്ചം തുക 409 കോടി രൂപയായി . മുന്‍ വര്‍ഷം ഇതേകാലയളവിലിത് 1,640 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.65 ശതമാനത്തിലാണ് പലിശ ലഭ്യമാക്കിയതെങ്കിലും മിച്ചം 200 കോടിയായി ചുരുങ്ങി.