ഉയര്‍ന്ന എഫ്‌ഡിഐ നേടുന്ന ആദ്യ 10 രാജ്യങ്ങളില്‍ ഇന്ത്യയും

By on June 25, 2015

മുംബൈ: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിച്ച ആദ്യ പത്ത്‌ രാജ്യങ്ങളില്‍ ഇന്ത്യയും എത്തിയതായി 2015 ലെ ലോക നിക്ഷേപ റിപ്പോര്‍ട്ടില്‍ പറയുന്നു. യുണൈറ്റഡ്‌ നേഷന്‍സിന്റെ ട്രേഡ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ കോണ്‍ഫറന്‍സിലാണ്‌ റിപ്പോര്‍ട്ട്‌ (യുഎന്‍സിറ്റിഡിഎ) പ്രസിദ്ധപ്പെടുത്തിയത്‌.
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്കുള്ള നിക്ഷേപത്തില്‍ 23 ശതമാനം വര്‍ധന ഉണ്ടായി. അതേസമയം ആഗോളതലത്തിലുണ്ടായ നിക്ഷേപം 16 ശതമാനം കുറയുകയാണ്‌ ചെയ്‌ത്‌. 2014 ല്‍ 34 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ ഉണ്ടായി. അതേസമയം 2007 ല്‍ 45 ബില്യണ്‍ ഡോളര്‍ നിക്ഷേപം രാജ്യത്തേക്ക്‌ എത്തിയിരുന്നു.
സിംഗപ്പൂര്‍, ഹോങ്കോങ്‌ തുടങ്ങിയ ബ്രിക്‌ രാജ്യങ്ങടെ വാര്‍ഷിക എഫ്‌ഡിഐ നിക്ഷേപം 50 ബില്യണ്‍ ഡോളര്‍ മറികടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിക്‌ രാജ്യങ്ങളില്‍ ഇന്ത്യയ്‌ക്ക്‌ മാത്രമാണ്‌ ഈ നേട്ടം കൈവരിക്കാന്‍ സാധിക്കാതിരുന്നത്‌.
2005 നും 2009 നും ഇടയില്‍ നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം വളരെ താഴേക്ക്‌ പോയിരുന്നു.
പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വന്നതു കൊണ്ടാണോ നിലവിലെ മാറ്റം എന്ന്‌ ഇപ്പോള്‍ പറയാറായിട്ടില്ല എന്ന്‌ യുഎന്‍സിടിഎഡിയിലെ പോളിസി അനലിസ്‌റ്റും കണ്‍സള്‍ട്ടന്റുമായ പ്രമീള നസ്രത്ത്‌ പറഞ്ഞു. എന്നാല്‍, അഞ്ച്‌ വര്‍ഷത്തിന്‌ മുമ്പള്ള സ്ഥാനം ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഇന്ത്യ തിരികെ നേടിയിട്ടുണ്ട്‌ എന്ന്‌ അവര്‍ പറഞ്ഞു. ആഗോള പ്രതിസന്ധികള്‍ നിലനിന്നിരുന്നപ്പോഴും മികച്ച എഫ്‌ഡിഐ നേടിയ രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുകയാണന്ന്‌ അവര്‍ പറഞ്ഞു.
2005-2006 മുതല്‍ 2008-2009 വരെ നിക്ഷേപത്തിന്‌ അനുയോജ്യമായ രാജ്യങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലായിരുന്നു ഇന്ത്യ. എന്നാല്‍ ആഗോള പ്രതിസന്ധി തുടങ്ങിയതോടെ നാലും, ആറും സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. ഈ വര്‍ഷം വീണ്ടും ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ അനുകൂല രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്‌ എത്തിയിരിക്കുകയാണ്‌.
ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നേടിയ ആദ്യ പത്ത്‌ രാജ്യങ്ങളില്‍ ഒമ്പതാം സ്ഥാനത്താണ്‌ ഇന്ത്യ. ഈ വര്‍ഷം ആദ്യമായി യുഎസ്‌ ആദ്യ സ്ഥാനത്ത്‌ നിന്ന്‌ പിന്തള്ളപ്പെട്ട്‌ മൂന്നാംസ്ഥാനത്ത്‌ എത്തി.
പ്രകൃതി സ്രോതസ്സുകളില്‍ നിക്ഷേപം അനുവദിക്കാത്തതും വലിയ പദ്ധതികള്‍ക്ക്‌ അനുമതി ലഭിക്കുന്നതില്‍ കാല താമസം നേരിടുന്നതും ഇന്ത്യയിലേക്കുള്ള എഫ്‌ഡിഐയില്‍ കുറവ്‌ വരാന്‍ കാരണമാകുന്നുണ്ട്‌ എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

Follow Us