Don't miss

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ലാഭത്തില്‍ 20% വര്‍ധന

By on October 24, 2017

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ഈ സാമ്പത്തിക വര്‍ഷം രണ്ടാംപാദത്തില്‍ 20.1 ശതമാനം ലാഭ വളര്‍ച്ച രേഖപെടുത്തി. സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ ലാഭം 4151 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ ലാഭം 3,455 കോടി രൂപയായിരുന്നു.

സെപ്റ്റംബര്‍ പാദത്തിലെ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 1.26 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.43 ശതമാനവും ആണ്. മുന്‍ വര്‍ഷം ഇതേകാലയളവിലിത് യഥാക്രമം 1.02 ശതമാനവും 0.3 ശതമാനവും ആയിരുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ അറ്റ പലിശ വരുമാനം 22 ശതമാനം ഉയര്‍ന്ന് 9,752 കോടിയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 7,993 കോടിയായിരുന്നു. ഇതര വരുമാനം 24.3 ശതമാനം ഉയര്‍ന്ന് 3,605 കോടി രൂപയായി. അതെ സമയം ചെലവ്- വരുമാന അനുപാതം 42.6 ശതമാനമായി മെച്ചപ്പെട്ടു. പ്രവര്‍ത്തന ചെലവ് 5,540 കോടിയായി ഉയര്‍ന്നു.

രണ്ടാംപാദത്തില്‍ ബാങ്കിന്റെ മൊത്തം നിക്ഷേപം 16.5 ശതമാനം ഉയര്‍ന്ന് 6,89,346 കോടി രൂപയായി. സെപ്റ്റംബര്‍ പാദത്തില്‍ ബാങ്കിന്റെ മൂലധന പര്യപ്തത അനുപാതം 15.1 ശതമാനം ആയിരുന്നു.