Don't miss

എച്ച്‌സിഎല്‍ ടെക്‌നോളജീസിന് പ്രതീക്ഷിച്ചതിലും മികച്ച ലാഭം

By on May 11, 2017
eaf7846d1f5eafdc3e73bcc8afa14fb8

ബംഗളൂരു: ഇന്ത്യയിലെ നാലാമത്തെ വലിയ ഐടി സ്ഥാപനമായ എച്ച്‌സിഎല്‍ ടെക്‌നോളജീസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തികഫലം രേഖപെടുത്തി. . മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ ലാഭം 20.8 ശതമാനം ഉയര്‍ന്ന് 2,325 കോടിയായി. വരുമാനം 12.7 ശതമാനം ഉയര്‍ന്ന് 12,053 കോടിയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 1,926 കോടിയും വരുമാനം 10,698 കോടി രൂപയും ആയിരുന്നു.ഓഹരി ഒന്നിന് 6 രൂപ വീതം ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സാമ്പത്തിക വര്‍ഷത്തേക്ക് കറന്‍സി അടിസ്ഥാനമാക്കിയുള്ള വരുമാനത്തില്‍ 10.5-12.5 ശതമാനം വളര്‍ച്ച പ്രതീക്ഷ കമ്പനി നിലനിര്‍ത്തി.

അതേസമയം ആഗോള വിപണിയിലെ അനശ്ചിതത്വം കണക്കിലെടുത്ത് ഇന്‍ഫോസിസ് , വിപ്രോ പോലുള്ള രാജ്യത്തെ മറ്റ് മുന്‍ നിര ഐടി കമ്പനികളെല്ലാം വരുമാനം വളര്‍ച്ച പ്രതീക്ഷയില്‍ കുറവ് വരുത്തിയിരിക്കുകയാണ്. പുതിയ ഏറ്റെടുക്കലുകളിലൂടെ ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍, എന്‍ജിനീയറിങ് ഡിസൈന്‍ തുടങ്ങിയ പുതിയ മേഖലകളില്‍ വളര്‍ച്ച ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. യുഎസ് ആസ്ഥാനമായുള്ള മോര്‍ട്ടേജ് ബിസിനസ്സ് സേവന ദാതാക്കളായ അര്‍ബന്‍ ഫുള്‍ഫില്‍മെന്റ് സര്‍വീസസിനെ ഏറ്റെടുക്കുമെന്ന് കഴിഞ്ഞ മാസം എച്ച് സിഎല്‍ പറഞ്ഞിരുന്നു. 199 കോടി രൂപയുടേതാണ് ഇടപാട്. യുഎസിലെ പ്രാദേശിക ജീവനക്കാരുടെ എണ്ണം ഉയര്‍ത്താന്‍ ഈ ഏറ്റെടുക്കലിലൂടെ എച്ച്‌സിഎലിന് കഴിയും. ഇന്ത്യന്‍ ഐടി കമ്പനികള്‍ യുഎസില്‍ ശക്തമായ വിസ നിയന്ത്രണങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. പുതിയ സാഹചര്യങ്ങള്‍ ഐടി കമ്പനികളുടെ ലാഭ , വരുമാന മാര്‍ജിനുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്. എന്‍ജിനീയറിങ് ആന്‍ഡ് എയറോസ്‌പേസ് ഡിസൈന്‍ സര്‍വീസ് ദാതാക്കളായ ബട്‌ലര്‍ അമേരിക്ക എയ്‌റോസ്‌പെയിസിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് എച്ച് സിഎല്‍ കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപനം നടത്തിയിരുന്നു. 565 കോടിയ്ക്കടുത്താണ് ഇടപാടിന്റെ മൂല്യം. മുംബൈ ആസ്ഥാനമായുള്ള എന്‍ജിനീയറിങ് സര്‍വീസ് ദാതാക്കളായ ജിയോമെട്രിക്കിനെ കഴിഞ്ഞ വര്‍ഷം 1,300 കോടി രൂപയ്ക്ക് എച്ച്‌സിഎല്‍ ഏറ്റെടുത്തിരുന്നു.