എയർ ഇന്ത്യയെ കേന്ദ്ര സർക്കാർ കൈയൊഴിയുന്നു; പൂർണമായും സ്വകാര്യവൽക്കരിക്കാൻ തീരുമാനം. ആദ്യഘട്ട ഓഹരി വിൽപ്പന അടുത്ത ആഴ്ച മുതൽ

By on March 17, 2018

ദില്ലി: ഏറെ നാളത്തെ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ അടുത്ത ആഴ്ച തുടങ്ങുമെന്ന് റിപ്പോർട്ട്. 49 ശതമാനം വിദേശ നിക്ഷേപത്തിന് സർക്കാർ അനുമതി നൽകിയതോടെയാണ്‌ ഓഹരി വിറ്റഴിക്കാനുള്ള നടപടികൾക്ക് വേഗത കൈവന്നത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വെയ്സ്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ വിദേശ വിമാന കമ്ബനികള്‍ എയര്‍ ഇന്ത്യയുടെ ഓഹരി ഏറ്റെടുക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ച്‌ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ടാറ്റ ഗ്രൂപ്പും എയര്‍ഇന്ത്യയെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. ‘ഇന്ത്യ പ്രധാനപ്പെട്ട വിപണിയാണ്, അതിനാൽ തന്നെ എയർ ഇന്ത്യയുമായി ബന്ധപ്പെട്ട ഇടപാടിൽ ഞങ്ങള്‍ക്ക് തുറന്ന മനസ്സാണ്’-എയര്‍ഇന്ത്യയുടെ ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ചുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ജനറല്‍ മാനേജര്‍ ഡേവിഡ് ലിമ്മിന്റെ പ്രതികരണമാണിത്.

പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും ഈ വര്‍ഷം അവസാനത്തോടെ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ഓഹരി വിറ്റഴിക്കുന്നതിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കി വരുകയാണ്. ഇന്‍ഡിഗോ എയര്‍ലൈന്‍സും, ഒരു വിദേശ കമ്ബനിയും മാത്രമാണ് നിലവില്‍ ഓഹരി വാങ്ങുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ ഔദ്യോഗികമായി താല്പര്യം അറിയിച്ചിരിക്കുന്നത്. കടബാധ്യത 50,000 കോടി രൂപയില്‍ കടന്നതിനെ തുടര്‍ന്നാണ് എയര്‍ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

Follow Us