Don't miss

എല്ലാ സാമ്പത്തിക വിപണി ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധം ആക്കിയേക്കും

By on August 10, 2017
new_1_7

മുംബൈ: രാജ്യത്തെ എല്ലാ സാമ്പത്തിക വിപണി ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധിമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഓഹരി വിപണിയിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപണി ഇടപാടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സെബി പദ്ധതി ഇടുന്നത്. സാമ്പത്തിക വിപണിയിലെ നികുതി ചോര്‍ച്ച തടയുന്നതിന് പേഴ്‌സണല്‍ അക്കൗണ്ട് നമ്പര്‍ (പാന്‍) മാത്രം മതിയാവില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍. ഓഹരി വിപണി ഇടപാടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്റെ സാധ്യത സംബന്ധിച്ച് സെബി അഭിപ്രായം തേടി തുടങ്ങിയതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും വാങ്ങുന്നതിന് അധികം താമസിയാതെ നിക്ഷേപകര്‍ ആധാര്‍ വിവരങ്ങള്‍ നല്‍കി തുടങ്ങേണ്ടി വരും.

എന്നാല്‍, ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം എപ്പോള്‍ ഉണ്ടാകുമെന്ന് കൃത്യമായ വിവരം ലഭ്യമായിട്ടില്ല.
പാനിന് പകരം ആധാര്‍ വരികയാണെങ്കില്‍ ഓണ്‍ലൈന്‍ മ്യൂചല്‍ ഫണ്ട് ഇടപാടുകള്‍ക്ക് വേണ്ടിയുള്ള നിര്‍ബന്ധിത കെവൈസി പരിശോധന ആധാര്‍ ഉപയോഗിച്ച് ചെയ്യാന്‍ കഴിയും. അങ്ങനെയെങ്കില്‍ മ്യൂചല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ നേരിട്ട് ഫണ്ട് ഹൗസുകളില്‍ ചെല്ലേണ്ട ആവശ്യം വരില്ല. പാന്‍, ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ എന്നിവയുമായി ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ബന്ധിപ്പിച്ചിരിക്കണം എന്ന് അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.