Don't miss

എല്‍& ടി ഫിനാന്‍സിന്റെ ഓഹരികള്‍ ലക്ഷ്യമിട്ട്‌ യുഎസ്‌ പിഇ സ്ഥാപനം

By on July 7, 2015

മുംബൈ: എല്‍& ടി ഫിനാന്‍സ്‌ ഹോള്‍ഡിങ്‌സിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ യുഎസ്‌ പ്രൈവറ്റ്‌ ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ്‌ പിന്‍കസ്‌ ലക്ഷ്യമിടുന്നു. 25 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനായി എല്‍ & ടി ഫിനാന്‍സുമായി വാര്‍ബര്‍ഗ്‌ പിന്‍കസ്‌ ചര്‍ച്ചകള്‍ നടത്തി വരികയാണന്നാണ്‌ ലഭ്യമാകുന്ന സൂചന. ഓപ്പണ്‍ ഓഫര്‍ വഴിയായിരിക്കും ഓഹരികള്‍ ഏറ്റെടുക്കുക. ഓഹരി വില്‍പ്പനയ്‌ക്ക്‌ ശേഷവും മാതൃ കമ്പനിയായ എല്‍& ടിയുടെ കൈവശം തന്നെയായിരിക്കും എല്‍&ടി ഫിനാന്‍സിലെ ഭൂരിഭാഗം ഓഹരികളും.
വാര്‍ബര്‍ഗ്‌ പിന്‍കസ്‌ ഓഹരകള്‍ ഏറ്റെടുക്കുന്നതിനായി മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്‌. ഇന്ത്യയിലെ ബിസിനസ്സ്‌ , സാമ്പത്തിക സേവന സ്ഥാപനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള ശ്രമത്തിലാണ്‌ വാര്‍ബര്‍ഗ്‌.
എല്‍& ടി ഫിനാന്‍സിന്റെ 25 ശതമാനം ഓഹരികള്‍ ഓഹരി ഒന്നിന്‌ 83 രൂപയ്‌ക്കായിരിക്കും പിഇ സ്ഥാപനം ഏറ്റെടുക്കുന്നത്‌ എന്നാണ്‌ ലഭ്യമാകുന്ന സൂചന. അങ്ങനെയെങ്കില്‍ ഇടപാടിന്റെ മൊത്തം മൂല്യം ഏകദേശം 3,574 കോടി രൂപയോളം വരും.
എന്നാല്‍ ഇടപാട്‌ സംബന്ധിച്ച്‌ എല്‍& ടി ഫിനാന്‍സ്‌ പ്രതികരിക്കാന്‍ തയ്യറായിട്ടില്ല.
എല്‍& ടി ഫിനാന്‍സില്‍ എല്‍& ടിയ്‌ക്ക്‌ 72.95 ശതമാനം ഓഹരി വിഹിതം ഉണ്ട്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 854.7 കോടി രൂപയും വരുമാനം 6,196.2 കോടി രൂപയും ആയിരുന്നു.