Don't miss

എസ്ബിഐയുടെ ഡെബിറ്റ് കാര്‍ഡ് ഇടപാടില്‍ വന്‍ വര്‍ധന

By on June 19, 2017

മുംബൈ: കറന്‍സി നിരോധനത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ( എസ്ബിഐ) ഡെബിറ്റ് കാര്‍ഡ് ഇടപാടില്‍ വന്‍ വര്‍ധന. ഏപ്രില്‍ മാസത്തില്‍ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 11,720.73 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായി ആര്‍ബിഐ ലഭ്യമാക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ രംഗത്തെ എസ്ബിഐയുടെ വിപണി വിഹിതം 31 ശതമാനം ആയി. അതേസമയം കറന്‍സി നിരോധനത്തെ തുടര്‍ന്നുള്ള ആറ് മാസക്കാലയളവില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും വിപണി വിഹിതം കുറഞ്ഞു.

ഏപ്രില്‍ അവസാനത്തോടെ എസ്ബിഐയുടെ ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം 35 കോടിയ്ക്കടുത്താണ്. അതേസമയം എച്ച് ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം 2.39 കോടിയും ഐസിഐസിഐ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം 3.7 കോടിയുമാണ്. ഏപ്രില്‍ മാസത്തില്‍ ബാങ്കിങ് മേഖലയിലെ മൊത്തം ഡെബിറ്റ് കാര്‍ഡ് ഇടപാടുകളുടെ മൂല്യം 37,481.88 കോടി രൂപയാണ്. ഒക്ടോബറിലെ 21,941.28 കോടി രൂപയില്‍ നിന്നും 70 ശതമാനം വര്‍ധന.സ്വകാര്യ മേഖലാ ബാങ്കുകള്‍ക്കായിരുന്നു കൂടുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ ഉണ്ടായിരുന്നത്, എന്നാല്‍ കറന്‍സി നിരോധനത്തിന് ശേഷം ഡിജിറ്റല്‍ ഇടപാടിന് എസ്ബിഐ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരായതിനെ തുടര്‍ന്നാണ് എസ്ബിഐയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം കൂടിയത്.