ഐടി മേഖലയില്‍ വര്‍ഷം 2 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും

By on May 15, 2017

ന്യൂഡല്‍ഹി: ഐടി മേഖലയിലെ പരിച്ചുവിടല്‍ വരും വര്‍ഷങ്ങളിലും തുടരുമെന്നാണ് സൂചനകള്‍. അടുത്ത മൂന്ന് വര്‍ഷ കാലയളവില്‍ ഓരോ വര്‍ഷവും രണ്ട് ലക്ഷത്തോളം ഐടി എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടെന്ന് നിയമന രംഗത്തെ പ്രുമുഖ സ്ഥാപനമായ ഹെഡ് ഹണ്ടേഴ്‌സ് ഇന്ത്യ പറയുന്നു. പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കാന്‍ സന്നദ്ധരാവാതിരിക്കുന്നവര്‍ക്കായിരിക്കും തൊഴില്‍ നഷ്ടമാവുക.

ഈ വര്‍ഷം 56,000 ഐടി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് നിലവില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത് എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് 1.75 ലക്ഷം മുതല്‍ 2 ലക്ഷം വരെ ഉരാന്‍ സാധ്യത ഉണ്ടെന്ന് ഹെഡ് ഹണ്ടേഴ്‌സ് ഇന്ത്യ സ്ഥാപക ചെയര്‍മാന്‍ ലക്ഷ്മി കാന്ത് പറഞ്ഞു. ഫെബ്രുവരിയില്‍ നാസ്‌കോം ഇന്ത്യ ലീഡര്‍ഷിപ്പ് ഫോറത്തില്‍ മാകിന്‍സെ & കമ്പനി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ഐടി സേവന മേഖലയിലെ ജീവനക്കാരില്‍ പകുതിയോളം അടുത്ത മൂന്നു നാല് വര്‍ഷത്തിനുള്ളില്‍ ആവശ്യത്തില്‍ അധികമായി തീരുമെന്നാണ്.ടെക്‌നോളജയില്‍ ശ്രദ്ധേയമായ മാറ്റം വരുന്ന സാഹചര്യത്തില്‍ ജീവനക്കാരില്‍ 50-60 ശതമാനത്തോളം പേരെ വീണ്ടും പരിശീലിപ്പിച്ചെടുക്കുക എന്നതാണ് ഐടി മേഖല നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് മാകിന്‍സെ ഇന്ത്യ എംഡി നോഷിര്‍ കാക പറയുന്നു. നിലവില്‍ 3.9 ദശലക്ഷം പേരാണ് ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരെയും പുതിയ സാങ്കേതിക വിദ്യകള്‍ വീണ്ടും പരിശീലിപ്പിച്ചെടുക്കേണ്ടി വരും.ഇതില്‍ നിന്നും മനസ്സിലാകുന്നത് 30-40 ശതമാനത്തോളം ജീവനക്കാരെ പരിശീലിപ്പിച്ചെടുക്കാന്‍ സാധ്യമല്ല എന്നാണ് . ഇവര്‍ ആവശ്യത്തില്‍ അധികമുള്ളവരായി മാറും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ ആവശ്യത്തില്‍ അധികമാകുന്ന ജീവനക്കാരുടെ എണ്ണം ആറ് ലക്ഷത്തോളം വരും. അതിനാല്‍ ശരാശരി രണ്ട് ലക്ഷം പേരെ വീതം ഓരോ വര്‍ഷവും പിരിച്ചു വിടാനുള്ള സാധ്യത കൂടുതലാണന്ന് ലക്ഷ്മി കാന്ത് വിശദീകരിക്കുന്നു.മുംബൈ, ബാഗ്ലൂര്‍ പോലുള്ള വലിയ നഗരങ്ങളിലായിരിക്കില്ല മറിച്ച് ചെറു നഗരങ്ങളിലായിരിക്കും പിരിച്ചുവിടല്‍ അധികം ഉണ്ടാവുക എന്നാണ് വിലയിരുത്തല്‍. ഐടി സേവന മേഖല അനശ്ചിതത്വം നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ലക്ഷ്മി കാന്ത് പറഞ്ഞു. ക്ലൗഡ് അടിസ്ഥാനമാക്കയുള്ള സാങ്കേതിക വിദ്യകളും മറ്റും വളരെ വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കമ്പനികള്‍ നിലനില്‍ക്കുന്നതിന് പുതിയ സാങ്കേതിക വിദ്യകള്‍ അറിയുകയും സ്വീകരിക്കുകയും വേണം . സാങ്കേതിക വിദ്യകളില്‍ ഉണ്ടാവുന്ന മാറ്റം 35 നും അതിനു മുകളിലും പ്രായമുള്ളവരെയാണ് കൂടുതലായി ബാധിക്കുന്നത്. അവരെ സംബന്ധിച്ച് പുതിയ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുക വളരെ പ്രയാസമായി തീരുമെന്ന് ലക്ഷ്മി കാന്ത് പറയുന്നു.

Follow Us