ഐപിഒ വഴിയുള്ള ധനസമാഹരണം ശക്തം

By on October 3, 2017

ഈ വര്‍ഷം ഇതുവരെ  സമാഹരിച്ചത് 27,000 കോടി

മുംബൈ: ഈ സാമ്പത്തിക വര്‍ഷം ഐപിഒ വിപണി സജീവമാണ്. ഇന്ത്യന്‍ കമ്പനികളുടെ പ്രഥമ ഓഹരി വില്‍പ്പനയിലൂടെയുള്ള ധനസമാഹരണം റെക്കോഡ് ഉയരത്തിലാണിപ്പോള്‍. ഈ വര്‍ഷം ആദ്യ പകുതിയിലെ ധനസമാഹരണം 27,000 കോടിയിലെത്തി. വരും മാസങ്ങളിലും നിരവധി കമ്പനികള്‍ ഐപിഒ വിപണിയിലെത്താന്‍ കാത്തിരിക്കുന്നുണ്ട്.
ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി, റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസ്സെറ്റ് മാനേജ്‌മെന്റ്, എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡാര്‍ഡ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി, എന്നിവയാണ് വരും മാസങ്ങളില്‍ ഐപിഒ ലക്ഷ്യമിടുന്ന പ്രധാന കമ്പനികള്‍.ഈ കമ്പനികള്‍ക്ക് ഐപിഒ വിപണിയില്‍ നിന്നും 35,000 കോടിയിലേറെ രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഇന്‍ഷൂറന്‍സ്, ഹെല്‍ത്ത്‌കെയര്‍, വിദ്യാഭ്യാസം, ബാങ്ക്, കേബിള്‍ ടിവി, ഷിപ്പിങ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ ഐപിഒ വഴിയുള്ള ധനസമാഹരണം ലക്ഷ്യമിട്ട് എത്തുന്നുണ്ട്. സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും ലഭ്യമാകന്ന ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഏപ്രില്‍ -സെപ്റ്റംബര്‍ കാലയളവില്‍ മൊത്തം 19 കമ്പനികള്‍ ഐപിഒ വിപണിയിലെത്തി. ഈ കമ്പനികള്‍ ചേര്‍ന്ന് മൊത്തം 26,720 കോടി രൂപയാണ് ഇക്കാലയളവില്‍ സമാഹരിച്ചത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 15 കമ്പനികള്‍ ചേര്‍ന്ന് 16,535 കോടി രൂപയാണ് സമാഹരിച്ചത്. ഇതിന് മുമ്പ് 2007-08 ന്റെ ആദ്യ പകുതിയിലാണ് ഐപിഒ വിപണിയില്‍ ഇത്തരത്തില്‍ ഉയര്‍ന്ന ധനസമാഹരണം നടന്നത്. അന്ന് 21,244 കോടി രൂപയാണ് ഐപിഒ വഴി കമ്പനികള്‍ സമാഹരിച്ചത്. വിപുലീകരണം, കടബാധ്യത തീര്‍ക്കല്‍, പ്രവര്‍ത്തന മൂലധനം, മറ്റ് കമ്പനി ആവശ്യങ്ങള്‍ എന്നിവയ്ക്കായാണ് കമ്പനികള്‍ പ്രധാനമായും ഐപിഒ വഴി ധനസമാഹരണം നടത്തുന്നത്.

Follow Us