Don't miss

ഐസിഐസിഐ ബാങ്ക് ഭവന വായ്പ നിരക്ക് കുറച്ചു

By on May 15, 2017

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് ഭവന വായ്പ നിരക്കില്‍ കുറവ് വരുത്തി. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകളുടെ നിരക്കില്‍ 0.3 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. പൊതുമേഖലാ ബാങ്കായ എസ്ബിഐ 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകളുടെ നിരക്കില്‍ കഴിഞ്ഞ ദിവസം കുറവ് വരുത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് ഐസിഐസിഐ ബാങ്കും സമാനമായ നീക്കം നടത്തിയിരിക്കുന്നത്. ചെലവ് കുറഞ്ഞ വീടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകളുടെ നിരക്കില്‍ 30 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തുകയാണന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ഇതോടെ ശന്വള വേതനക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഭവന വായ്പ ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു. കഴിഞ്ഞാഴ്ച എസ്ബിഐ 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകളുടെ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ കുറവ് വരുത്തിയിരുന്നു. ഭവന വായ്പ രംഗത്ത് മുന്നിട്ട് നില്‍ക്കുന്നത് എസ്ബിഐ ആണ്. 26 ശതമാനമാണ് എസ്ബിഐയുടെ വിപണി വിഹിതം. എച്ച് ഡിഎഫ്‌സി ആണ് രണ്ടാം സ്ഥാനത്ത്. 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ 8.65 ശതമാനം നിരക്കിലാണ് ലഭ്യമാക്കുന്നത്. മറ്റ് വായ്പകളുടെ നിരക്ക് 8.7 ശതമാനമാണ്. മത്സരം ശക്തമായതിനാല്‍ മറ്റ് പൊതു , സ്വകാര്യ മേഖലാ ബാങ്കുകളും ഭവന വായ്പ നിരക്കില്‍ ഉടന്‍ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷ.