Don't miss

ഐ.ടി. കയറ്റുമതിയിലെ മുന്നേറ്റം

By on June 4, 2015

സംസ്ഥാനത്തു നിന്നുള്ള ഐ.ടി. കയറ്റുമതിയില്‍ വന്‍ മുന്നേറ്റം തന്നെയാണ്‌ ഉണ്ടായിട്ടുള്ളതെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. നാലു വര്‍ഷം മുമ്പ്‌ 2000 കോടി രൂപയായിരുന്ന കയറ്റുമതി വരുമാനം ഇപ്പോള്‍ 10000 കോടി രൂപയിലെത്തി എന്നത്‌ ഈ മേഖലയിലെ വലിയ മുന്നേറ്റത്തിന്‌ തെളിവായി മാറുന്നു. കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റിയും കോഴിക്കോട്‌ സൈബര്‍ പാര്‍ക്കുമൊക്കെ യാഥാര്‍ത്ഥ്യമാകുന്ന സാഹചര്യത്തില്‍ ഈ രംഗത്ത്‌ സമീപഭാവിയില്‍ അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാകുമെന്നുതന്നെയാണ്‌ കരുതുന്നത്‌. ഈ രണ്ടു പദ്ധതികളും യഥാര്‍ത്ഥമാകുന്നത്‌ സംസ്ഥാനത്തിന്റെ ഐ.ടി. വ്യവസായ മേഖലയ്‌ക്ക്‌ കൂടുതല്‍ ഉണര്‍വ്വ്‌ പകര്‍ന്നുകൊണ്ടാവും. ഈ സാഹചര്യത്തില്‍ ഐ.ടി. അനുബന്ധ കയറ്റുമതി വരുമാനം 15000 കോടിയിലേക്ക്‌ വളരാനുള്ള സാദ്ധ്യതയാണ്‌ പ്രവചിക്കപ്പെടുന്നത്‌. ഇതിനു പുറമെ സ്വകാര്യ ഐ.ടി. പാര്‍ക്കുകള്‍ സംസ്ഥാനത്തിന്റെ ഐ.ടി. മേഖലയില്‍ മറ്റൊരു മുന്നേറ്റത്തിന്റെ ചരിത്രത്തിനാവും നാന്ദി കുറിക്കുകയെന്നതും ഇവിടെ പ്രസ്‌താവ്യമാണ്‌. കയറ്റുമതി വരുമാനം ഇതുവഴി വീണ്ടും വര്‍ദ്ധിതമാവും. ഐ.ടി. സംരംഭകത്വത്തിനും പുത്തന്‍ ദിശാബോധം പകരുന്ന സംസ്ഥാനത്തെ സ്റ്റാര്‍ട്ട്‌ അപ്പ്‌ വില്ലേജുകള്‍ രാജ്യത്തിനാകെ മാതൃകയായി തീര്‍ന്നിട്ടുണ്ട്‌. മറ്റ്‌ സംസ്ഥാനങ്ങള്‍ ഈ മാതൃക പിന്തുടരുന്നു എന്നത്‌ ഏറെ ചാരിതാര്‍ത്ഥ്യത്തിന്‌ വക നല്‍കുന്നുണ്ട്‌. വിവരസാങ്കേതിക വിദ്യ സാര്‍വ്വത്രികമാക്കുകയെന്ന ലക്ഷ്യം മുന്‍നിറുത്തിയാണ്‌ പല സവിശേഷ പദ്ധതികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കുന്നത്‌. സമൂഹത്തിന്റെ ഐ.ടി. അനുബന്ധ വ്യവസായത്തോടുള്ള ആഭിമുഖ്യം വളരുന്നതിനും ഇത്തരം പദ്ധതികള്‍ സഹായകമായിട്ടുണ്ട്‌. ഇപ്പോള്‍ ഒരു ജിഗാ ബൈറ്റ്‌ കണക്‌ടിവിറ്റി സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഏര്‍പ്പെടുത്താനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. സംസ്ഥാനത്തെ യുവതലമുറയ്‌ക്ക്‌ വിദ്യാഭ്യാസാനന്തരം തൊഴില്‍ അന്വേഷകരായി മാറാതെ ധൈര്യപൂര്‍വ്വം ആശ്രയിക്കാവുന്ന ഒരു തൊഴില്‍ മേഖലയാണ്‌ ഈ മുന്നേറ്റത്തിനൊപ്പം വികസിതമായത്‌. സംസ്ഥാനത്തെ സംരംഭക സംസ്‌കാരത്തിന്‌ തന്നെ മുതല്‍ക്കൂട്ടായി മാറുകയും സമ്പദ്‌മേഖലയ്‌ക്ക്‌ കൈത്താങ്ങാവുകയും ചെയ്‌തു എന്നതാണ്‌ ഈ വളര്‍ച്ചയിലെ ശ്രദ്ധേയമായ നേട്ടം. 15,000 കോടിക്ക്‌ മുകളിലേക്ക്‌ സംസ്ഥാനത്തിന്റെ ഐ.ടി കയറ്റുമതി വരുമാനം വളരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക്‌ ഈ മേഖല പ്രദാനം ചെയ്യുന്നത്‌ അതിലും എത്രയോ മേലെയാണെന്നത്‌ വിസ്‌മരിക്കാവുന്നതല്ല.