കടന്നല്‍ കര്‍ഷകമിത്രം

By on April 17, 2018

ന്യൂഏജ് ന്യൂസ്

ശത്രുകീടങ്ങളുടെ പുഴുക്കളെ ആക്രമിച്ച് നശിപ്പിക്കുന്ന കടന്നലുകളാണ് ബ്രാക്കോണ്‍. ബ്രാക്കോണിയോസിയെ കുടുംബത്തില്‍പ്പെട്ട മിത്രകടന്നലുകള്‍ ആയിരത്തോളം സ്പീഷിസുകളുള്‍പ്പെടുന്നതാണ് ഈ ജനുസ്. ഈ ജനുസ്സില്‍പ്പെട്ട കടന്നലുകളില്‍ മിക്കവാറും എല്ലാംതന്നെ ശത്രുകീടങ്ങളുടെ പുഴുക്കളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തി അവയുടെ പുറത്ത് മുട്ടയിട്ടാണ് കടന്നലായി വിരിഞ്ഞിറങ്ങുന്നത്.
ബ്രാക്കോണ്‍ വംശവര്‍ദ്ധന കൃഷിയിടത്തില്‍
കീടനിയന്ത്രണത്തിനാവശ്യമായ ബ്രാക്കോണുകളെ കര്‍ഷകര്‍ക്ക് സ്വന്തം നിലയ്ക്ക് വംശവര്‍ദ്ധന നടത്തി കൃഷിയിടത്തില്‍ നിക്ഷേപിക്കാം. ഇതിന് അവംലംബിക്കാവുന്ന രണ്ടു രീതികളാണ് ഇവിടെ വിവരിക്കുന്നത്.

സാന്റ്വിച്ച് രീതി
വൃത്തിയുള്ള നനവില്ലാത്ത വായ് വിസ്താരമുള്ള ഒരു ഗ്ലാസ് ജാറെടുത്ത് അതില്‍ ഇരുപത് ശതമാനം തേനില്‍ മുക്കിയ ഒരു പഞ്ഞിക്കഷണം താഴ്ഭാഗത്ത് ഒരറ്റത്തായി വയ്ക്കുക. ഇതിലേക്ക് ഏകദേശം 30 മുതല്‍ 50 വരെ ബ്രാക്കോണ്‍ കടന്നലുകളെ നിക്ഷേപിക്കുക. ശേഷം ജാറിന്റെ വായ്ഭാഗം നേര്‍ത്ത വെളുത്ത തുണികൊണ്ട് മൂടി റബ്ബര്‍ബാന്റ് ഉപയോഗിച്ച് കെട്ടിവെയ്ക്കുക.
ഈ തുണിക്ക് മുകളിലായി 10 മുതല്‍ 15 വരെ ഏകദേശം പൂര്‍ണ വളര്‍ച്ചയെത്താറായ കോര്‍സൈറ പുഴുക്കളെ നിരത്തണം. അതിനുമുകളില്‍ മറ്റൊരു നേര്‍ത്ത വെളുത്ത തുണി ഉപയോഗിച്ച് റബ്ബര്‍ബാന്റ് കൊണ്ട് കെട്ടിവെയ്ക്കുക.
കോര്‍സൈറ പുഴുക്കളില്‍ നിന്ന് പുറപ്പെടുവിക്കുന്ന കെയ്‌റോമോണില്‍ ആകൃഷ്ടരായി എത്തുന്ന ബ്രാക്കോണ്‍ കടന്നലുകള്‍ കോര്‍സൈറ പുഴുക്കളില്‍ വിഷം കുത്തി വച്ച് തളര്‍ത്തിയ ശേഷം പുഴുവിന് പുറത്ത് മുട്ട തറച്ചുവെയ്ക്കുന്നു. വിഷാംശം കാരണം കോര്‍സൈറ പുഴുക്കള്‍ രണ്ടുദിവസം വരെ കേടുകൂടാതെയിരിക്കും. ഇത് കഴിഞ്ഞ് ബ്രാക്കോണ്‍ പുഴുക്കളടങ്ങിയ കോര്‍സൈറ ലാര്‍വകളെ ഒരു പെട്രിഡിഷിലെ പേപ്പറിലേക്ക് മാറ്റാം. ഏഴുദിവസത്തിനുള്ളില്‍ കടന്നലുകള്‍ വിരിയും.

ടബ്ബ് രീതി
വൃത്തിയുള്ള നനവില്ലാത്ത ഒരു പ്ലാസ്റ്റിക് ടബ് എടുത്ത് അതിലേക്ക് 250 ഗ്രാം മണിച്ചോളം അര.സെ.മീ കനത്തില്‍ നിരത്തുക. ഇതിലേക്ക് 50 ശതമാനം തേനില്‍ മുക്കിയ ഒരു പഞ്ഞിക്കഷണം ഒരറ്റത്തായി വയ്ക്കണം. അതിനുശേഷം 200 മുതല്‍ 300 വരെ കോര്‍സൈറ പുഴുക്കളെ നിക്ഷേപിക്കുക. ഇതിലേക്ക് 100 ബ്രാക്കോണ്‍ കടന്നലുകളെ നിക്ഷേപിച്ചശേഷം ഒരു നേര്‍ത്ത വെളുത്ത തുണി കൊണ്ട് ടബ്ബ് മൂടി ഒരു മാസം സൂക്ഷിച്ചുവെക്കണം.
രണ്ടു ദിവസത്തിലൊരിക്കല്‍ പഞ്ഞിക്കഷണം തേനില്‍ മുക്കിവെച്ചു കൊടുക്കണം.കോര്‍സൈറ പുഴുക്കള്‍ ഭക്ഷിക്കുന്നതു കാരണം മണിച്ചോളം വലകെട്ടി കൂടിച്ചേര്‍ന്ന് കട്ടപിടിക്കാതിരിക്കാന്‍ ആഴ്ചയിലൊരിക്കല്‍ ടബ്ബ് നന്നായി ഇളക്കണം. ഒരു മാസം കഴിഞ്ഞ് രണ്ടായിരത്തോളം ബ്രാക്കോണ്‍ കടന്നലുകള്‍ ഇതില്‍ നിന്ന് വിരിഞ്ഞിറങ്ങും. ഇവയെ കൃഷിയിടത്തില്‍ കൊണ്ടുപോയി ടബ്ബിന്റെ മൂടി തുറന്ന് നിക്ഷേപിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us