കമ്പനിയാക്കി മാറ്റിയിട്ടും രക്ഷയില്ല; വൈദ്യുതി ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം

By on April 17, 2018

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. കമ്പനിയാക്കി മാറ്റിയെങ്കിലും കെ.എസ്.ആര്‍.ടി.സിയും വാട്ടര്‍ അതോറിറ്റിയും പോലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കമ്പനിയാക്കി മാറ്റിയതിലൂടെ നഷ്ടം കുറച്ച് സാബത്തിക പ്രയാസം പിടിച്ചുനിര്‍ത്താനാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായിരിക്കുകയാണ്. 2016 17 സാമ്പത്തിക വര്‍ഷത്തില്‍ 1494.63 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായത്. ഇതു സ്ഥാപനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ സൂചിപ്പിക്കുന്നു.
പെന്‍ഷനും ജീവനക്കാരുടെ ശമ്പളവും ചേര്‍ത്ത് വന്‍തുക ഓരോ മാസവും കെ.എസ്.ഇ.ബിക്കു വേണ്ടിവരും. 33,363 പേരുടെ പെന്‍ഷനു വേണ്ടി മാത്രം 88 കോടിയോളം രൂപ ആവശ്യമുള്ളപ്പോള്‍ ആകെയുള്ള 33,863 ഉദ്യോഗസ്ഥര്‍ക്ക് ശമ്പളയിനത്തില്‍ നല്‍കാന്‍ 193.83 കോടി രൂപയും കണ്ടെത്തേണ്ടതുണ്ട്. ചീഫ് എന്‍ജിനീയര്‍ തസ്തികയില്‍നിന്നു വിരമിച്ചവര്‍ക്ക് അന്‍പതിനായിരം രൂപക്കു മുകളില്‍ വരെ കെ.എസ്.ഇ.ബി പെന്‍ഷന്‍ ഇനത്തില്‍ നല്‍കണം. 2016 17 സാമ്പത്തീക വര്‍ഷത്തില്‍ 11619.60 കോടി രൂപ വരുമാനമായി കെ.എസ്.ഇ.ബിക്ക് ലഭിച്ചപ്പോള്‍ 13114.23 കോടി രൂപ ചെലവഴിച്ചു. 2017 18 സാമ്പത്തിക വര്‍ഷത്തിലെ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോൾ നഷ്ടക്കണക്ക് കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് ഉയരുമെന്നാണ് വിലയിരുത്തല്‍.
പ്രതിദിനം ഏകദേശം 18.33 കോടി രൂപയുടെ വൈദ്യുതി സംസ്ഥാനത്തിന് പുറത്തുനിന്നു വാങ്ങുന്നതും പ്രസരണ നഷ്ടവും പ്രവര്‍ത്തന വൈകല്യങ്ങളും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വരുത്തുന്ന കുടിശികയും വൈദ്യുതി ബോര്‍ഡിന് ബാധ്യതയാകുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയെ പോലെ ഉയര്‍ന്ന പലിശ നിരക്കിലുള്ള വായ്പകളും വൈദ്യുതി ബോര്‍ഡിന്റെയും സാമ്പത്തികാവസ്ഥയെ ബാധിക്കുന്നു. വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം 1400 കോടിയിലേറെ രൂപ വൈദ്യുതി ബോര്‍ഡിന് കുടിശിക നല്‍കാനുണ്ട്. പ്രവര്‍ത്തന മികവ് വര്‍ധിപ്പിച്ചും ചെലവുകള്‍ കുറച്ചും കുടിശിക പിരിച്ചെടുത്തും വരവും ചെലവും തമ്മിലുള്ള അനുപാതം കുറയ്ക്കാന്‍ കെ.എസ്.ഇ.ബി പരിശ്രമിക്കുന്നുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. വൈദ്യുതി ബോര്‍ഡ് വര്‍ഷങ്ങളായി നേരിടുന്ന സാമ്പത്തിക പ്രശ്‌നം പെന്‍ഷന്‍ മുടങ്ങുന്നത് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്ക് കാരണമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us