Don't miss

കറന്റ് അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ ഐസിഐസിഐ ബാങ്ക് പുറത്തിറക്കി

By on April 21, 2018

ന്യൂഏജ് ന്യൂസ്

കൊച്ചി: ടാബ്‌ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവ ഉപയോഗിച്ചു വിവിധ കറന്റ് അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ ഐസിഐസിഐ ബാങ്ക് പുറത്തിറക്കി. ഇതുവഴി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കറന്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കു സാധിക്കും. ഇപ്പോള്‍ കറന്റ് അക്കൗണ്ട് തുറക്കാന്‍ ഏതാനും ദിവസങ്ങള്‍ എടുക്കാറുണ്ട്.സ്വയം തൊഴിലുള്ള വ്യക്തികള്‍, ബിസിനസുകള്‍ തുടങ്ങിയവയ്ക്ക് വളരെ എളുപ്പത്തിലും വേഗത്തിലും കറന്റ് അക്കൗണ്ട് തുറക്കാന്‍ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ സഹായിക്കുന്നു.
ഇടപാടുകാരന്റേയും ബിസിനസിന്റേയും വിവരങ്ങള്‍ അവരുടെ ഓഫീസില്‍വച്ചുതന്നെ ഈ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പകര്‍ത്താനും കെവൈസി രേഖകളുമായി തത്സമയം ഒത്തു നോക്കാനും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കു സാധിക്കും. ഫോട്ടോഗ്രാഫ്, രേഖകളുടെ ഫോട്ടോകോപ്പി തുടങ്ങിയ കടലാസ് ജോലികള്‍ എല്ലാം ഇതോടെ ഒഴിവാക്കാന്‍ സാധിക്കുന്നു. പ്രൊപ്പൈറ്റര്‍ഷിപ്പ്, പാര്‍ട്ണര്‍ഷിപ്പ്, പ്രൈവറ്റ്-പബഌക് ലിമിറ്റഡ് കമ്പനികള്‍, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് സ്ഥാപനങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ബിസിനസ് രൂപങ്ങള്‍ക്കാവശ്യമായ അക്കൗണ്ടുകള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തുറക്കാന്‍ സാധിക്കും.രേഖകളില്‍ എഴുതിയിട്ടുള്ള അക്ഷരങ്ങള്‍ പകര്‍ത്തുവാന്‍ സാധിക്കുന്ന ഓപ്ടിക്കല്‍ കാരക്ടര്‍ റെക്ഗ്നീഷന്‍ (ഒസിആര്‍) ടെക്‌നോളജിയാണ് ബാങ്ക് ഇവിടെ ഉപയോഗിക്കുന്നത്. ഇതോടൊപ്പം കെവൈസി രേഖകള്‍ പരിശോധിച്ചു സാധുത നല്‍കുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസും (എപിഐ) ഉപയോഗിക്കുന്നു.
”ഡിജിറ്റല്‍ രീതിയില്‍ കറന്റ് അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്ന രാജ്യത്തെ ആദ്യത്തെ ആപ്ലിക്കേഷനാണ് ഐസിഐസിഐ ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കറന്റ് അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്ന പുതിയ യുഗത്തിനാണ് ബാങ്കിന്റെ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ തുടക്കം കുറിക്കുന്നത്. ഇതുവഴി ഞങ്ങളുടെ കറന്റ് അക്കൗണ്ടും ബിസിനസ് പോര്‍ട്ട്‌ഫോളിയോയും ബാങ്കിംഗ് വ്യവസായത്തിലെ ശരാശരിയേക്കാള്‍ കൂടുതല്‍ വേഗം വളരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. വിപണി വിഹിതത്തിലും വര്‍ധന പ്രതീക്ഷിക്കുന്നു.” പുതിയ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിക്കൊണ്ട് ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദ കൊച്ചാര്‍ പറഞ്ഞു.

Follow Us