കീടാക്രമണം: വാഴക്കൃഷിയില്‍ ജാഗ്രത വേണം

By on April 11, 2018

വാഴക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഈ വേനല്‍ക്കാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വാഴയില്‍ വര്‍ധിച്ചതോതിലുള്ള കീടാക്രമണം പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് കണ്ണാറ വാഴ ഗവേഷണകേന്ദ്രം നടത്തിയ സര്‍വേ പഠനത്തില്‍ പറയുന്നു. തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ വാഴ ഗവേഷണകേന്ദ്രം കീടശാസ്ത്രവിഭാഗത്തിലെ ഡോ. ഗവാസ് രാഗേഷിന്റെ നേതൃത്വത്തിലാണ് സര്‍വേ നടന്നത്. വാഴക്കൃഷിയില്‍ പ്രധാനമായി രണ്ടുതരം കീടങ്ങള്‍ രൂക്ഷമായ രീതിയില്‍ കൃഷിനാശം വരുത്തുന്നതായി കണ്ടെത്തി. ഇലപ്പേനുകളും റേന്തപത്രപ്രാണി അഥവാ ലെയ്‌സ് വിങ് ചാഴിയുമാണ് ഈ കീടങ്ങള്‍.
പകല്‍ ഉയര്‍ന്ന ചൂടും രാത്രിയിലെ താഴ്ന്ന താപനിലയും ആണ് വാഴയെ ആക്രമിക്കുന്ന ഈ കീടങ്ങളുടെ ഉയര്‍ന്ന പ്രജനനത്തിന് കാരണം. കേന്ദ്രാവിഷ്‌കൃത ഐ.സി.എ.ആര്‍.എ.ഐ.സി.ആര്‍.പി. പദ്ധതി പ്രകാരമുള്ള പഠന റിപ്പോര്‍ട്ടിലാണ് കണ്ണാറ വാഴ ഗവേഷണ കേന്ദ്രം നല്‍കുന്ന ഈ മുന്നറിയിപ്പ്. നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍, ഇലപ്പേനുകള്‍, മീലി മൂട്ടകള്‍, റേന്തപത്രപ്രാണികള്‍, വാഴപ്പേന്‍, മിറിഡ് ചാഴികള്‍, വെള്ളീച്ചകള്‍, മണ്ഡരികള്‍ എന്നിവയ്ക്കു പുറമേ ചെല്ലികള്‍(പിണ്ടിപ്പുഴുവിന് കാരണക്കാരായ വണ്ടുകള്‍) എന്നിവയാണ് സാധാരണ വേനല്‍ക്കാലത്ത് വാഴയില്‍ കണ്ടുവരുന്ന കീടങ്ങള്‍.

ഇലപ്പേനുകള്‍
സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കുബോള്‍ പേനുകളുടെ ആകൃതിയില്‍ കാണുന്ന ത്രിപ്‌സ് എന്നു വിളിപ്പേരുള്ള ഈ കീടം ഹെലിയോണോ ത്രിപ്‌സ് കദളി ഫിലസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്നു. ഇവ വാഴയിലകളുടെ അടിയില്‍ കൂട്ടത്തോടെ ഇരുന്ന് നീരൂറ്റി കുടിയ്ക്കുന്നതുകാരണം ഇലകള്‍ മഞ്ഞളിച്ച് വാടിപ്പോകുകയോ, കരിഞ്ഞുണങ്ങുകയോ ചെയ്യും.വാഴയിലയുടെ അടിഭാഗത്ത് ചുവന്നതോ, തവിട്ടുനിറത്തിലോ ഉള്ള കുത്തുകള്‍ രൂപപ്പെട്ടുതുടങ്ങുന്നതാണ് ആദ്യലക്ഷണം.

റേന്തപത്ര പ്രാണി
സ്‌റ്റെഫാനിറ്റിസ് ടിപ്പിക്കസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ കീടത്തിന്റെ ആക്രമണം മൂലം തുടക്കത്തില്‍ ഇലയുടെ മുകള്‍ഭാഗത്ത് വെളുത്ത കുത്തുകളും തുടര്‍ന്ന് ഇലകള്‍ മഞ്ഞളിച്ച് കരിയുന്നതായും കാണാം. ഈ കീടങ്ങളും വാഴയിലയുടെ അടിവശത്ത് കൂട്ടം കൂടിയിരുന്ന് നീരൂറ്റിക്കുടിക്കുന്നവയാണ്. ഈ കീടത്തെയും അവയുടെ പുഴുക്കളെയും നന്നായി കാണാന്‍ കഴിയും.

നിയന്ത്രണ മാര്‍ഗങ്ങള്‍
രണ്ട് ശതമാനം വീര്യത്തില്‍ വേപ്പെണ്ണവെളുത്തുള്ളി മിശ്രിതം തളിക്കുക. വെര്‍ട്ടിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ കള്‍ച്ചര്‍ 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തളിയ്ക്കുക. നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിയ്ക്കുക.ലൈറ്റെതോയേറ്റ് 30 എന്ന കീടനാശിനി 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചുകൊടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us