Don't miss

കുള്ളന്‍ തെങ്ങിനങ്ങള്‍ക്ക് പ്രിയമേറുന്നു

By on March 20, 2017

ഉല്‍പ്പന്നവില ആകര്‍ഷകമായതോടെ കര്‍ഷകര്‍ വീണ്ടും തെങ്ങുകൃഷിയിലേക്ക് ചുവടുമാറ്റുകയാണ്. എന്നാൽ തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യതയാണ് തെങ്ങുകൃഷി നേരിടുന്ന മുഖ്യപ്രശ്നങ്ങളിലൊന്ന്. യന്ത്രവല്‍കരണത്തിന് വേണ്ടത്ര പ്രയോജനം നല്‍കിയില്ലെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ഈ പ്രശ്നം പരിഹരിക്കുന്നതിന് മിക്ക കര്‍ഷകരും നടീലിനായി തെരഞ്ഞെടുക്കുന്നത് കുള്ളന്‍ തെങ്ങിനങ്ങളെയാണ്. കുള്ളന്‍ തെങ്ങിനങ്ങളാവട്ടെ ആവശ്യാനുസരണം കേരളത്തില്‍ ലഭ്യമല്ല താനും. മിക്ക കര്‍ഷകരും നാളികേര കര്‍ഷക ഫെഡറേഷനുകളും ആശ്രയിക്കുന്നത് തമിഴ്നാട്ടിലെ പൊള്ളാച്ചിയിലുള്ള നേഴ്സറികളെയും കര്‍ഷകരെയുമാണ്.

കേരളത്തിൽ വികസിപ്പിച്ചെടുത്ത ചില കുള്ളൻ തെങ്ങിനങ്ങൾ-
ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (ഗൗരി ഗാത്രം): തൃശൂര്‍ ജില്ലയിലെ ചാവക്കാടുപ്രദേശത്ത് ധാരാളമായി കാണുന്നു. നാലു വര്‍ഷംകൊണ്ട് കായ്ക്കുന്ന ഇനത്തിന്റെ വാര്‍ഷിക വിളവ് 80 തേങ്ങയാണ്.
കല്‍പ്പശ്രീ: കാറ്റുവീഴ്ചയെ പ്രതിരോധിക്കുന്നു. ഗുണമേന്മയുള്ള ഇളനീരും വെളിച്ചെണ്ണയും ഇതില്‍നിന്നു ലഭിക്കുന്നു. ഇതിന്റെ പച്ചത്തേങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന വിഭവങ്ങള്‍ പോഷകമൂല്യം ഏറിയതാണ്.
മലയന്‍ ഗ്രീന്‍ ഡ്വാര്‍ഫ്: കൊപ്രക്കും കരിക്കിനും യോജിച്ചത്. നാടന്‍ ഇനങ്ങളെക്കാള്‍ കരിക്കിന്‍വെള്ളം ലഭിക്കുന്നു. കാറ്റുവീഴ്ചയ്ക്കെതിരെ പ്രതിരോധം. മൂന്നുവര്‍ഷമാകുമ്പോള്‍ കായ്ച്ചുതുടങ്ങും. വാര്‍ഷിക ശരാശരി ഉല്‍പ്പാദനം 75 തേങ്ങ. 400 മി.ല്ലി കരിക്കിന്‍ വെള്ളം ലഭിക്കും.
മലയന്‍ യെല്ലൊ ഡ്വാര്‍ഫ്: ഇളം മഞ്ഞനിറത്തിലുള്ള മലേഷ്യന്‍ ഇനം കരിക്കന്‍വെള്ളത്തിന് അനുയോജ്യം വാര്‍ഷിക വിളവ് ശരാശരി 120 എണ്ണം. മൂന്നു വര്‍ഷംകൊണ്ട് കായ്ക്കുന്നു.
ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ്: ചാവക്കാടുപ്രദേശത്ത് ധാരാളമായി കാണാം. വെളിച്ചെണ്ണയുടെ അംശം 78 ശതമാനമാണ്.