കേരളത്തിന് 2,09,286 കോടിയുടെ പൊതുകടബാധ്യത

By on March 19, 2018

മലയാളിയുടെ ആളോഹരി കടം 60950 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തിന് 209286.59 കോടിയുടെ പൊതു കടമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ ആളോഹരി കടം 60950 രൂപയാണ്. കേരളത്തിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞുമലയാളിയും 60950 രൂപയുടെ ബാധ്യതയ്ക്ക് ഉടമയെന്നർത്ഥം. ഈ വര്‍ഷം ജനുവരി 31 വരെയുള്ള അക്കൗണ്ടന്റ് ജനറലിന്റെ കണക്ക് അടിസ്ഥാനമാക്കിയുള്ള വിവരമാണിത്. നിയമസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യങ്ങൾ ധനമന്ത്രി വെളിപ്പെടുത്തിയത്.

2017-ലെ ഇക്കണോമിക് സർവേയിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 2016-17 സാമ്പത്തികവർഷം കേരളത്തിന്റെ പൊതു കടത്തിൽ 18.5 ശതമാനത്തോളം വർധനയുണ്ടായിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് പൊതു കടത്തിൽ ഏറ്റവുമധികം വർധന രേഖപ്പെടുത്തിയതും 2016-17 കാലയളവിലാണ്. പൊതുകടം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (GSDP) 30.22 ശതമാനമായി ഉയരുകയും ചെയ്തു. 2010-11 സാമ്പത്തികവർഷത്തിൽ ഈ അനുപാതം 24.24 ശതമാനം മാത്രമായിരുന്നു.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ പൊതു കടത്തിന്റെ അനുപാതം പരിധിവിട്ട് ഉയരുന്നത് ആശാസ്യമായ കാര്യമല്ല. രാജ്യത്തു തന്നെ പൊതു കട അനുപാതത്തിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ് കേരളം. പശ്ചിമബംഗാളും യുപിയും പഞ്ചാബുമാണ് പൊതു കടത്തിന്റെ കാര്യത്തിൽ മുൻപന്തിയിലുള്ള മറ്റ് സംസ്ഥാനങ്ങൾ.

Follow Us