Don't miss

‘കേരള വിഷന്‍’ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

By on October 19, 2017

സംസ്ഥാനത്തെ പ്രമുഖ കേബിള്‍ ടിവി നെറ്റ് വര്‍ക്ക് എന്ന നിലയില്‍ ശ്രദ്ധ നേടിയ ‘കേരള വിഷന്‍’ മാധ്യമ അധിനിവേശത്തിനെതിരായ  വലിയൊരു  ചെറുത്തുനില്‍പ്പിന്റെ പാതയിലാണിന്ന്. വിദേശ മാധ്യമ ഭീമനായ റൂപർട്ട് മർഡോക്കിന്റെ സ്റ്റാര്‍ കമ്പനി മുന്നോട്ടുവെച്ച ചാനല്‍ നിരക്കു വര്‍ദ്ധനവിനു പിന്നിലെ പകല്‍കൊളള അംഗീകരിച്ചുകൊടുക്കുവാനാവില്ലെന്ന നിലപാടിലാണ് ‘കേരള വിഷന്‍’.

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്റെ കൂട്ടായ്മയില്‍ സംസ്ഥാനത്ത് 2006 -ല്‍ തുടക്കം കുറിച്ച ‘കേരള വിഷന്‍’ 25 ലക്ഷം ഉപഭോക്താക്കളുമായി രാജ്യത്ത് അഞ്ചാം സ്ഥാനവും സംസ്ഥാനത്ത് പ്രഥമ സ്ഥാനവും ഇതിനകം നേടിയെടുത്തുവെന്നത് ചാനല്‍ വിതരണ രംഗത്തെ സമാനതകളില്ലാത്ത ചരിത്രം തന്നെയാണ്. കുറഞ്ഞ നിരക്കില്‍ മറ്റ് കേബിള്‍, ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ നല്‍കുന്നതിനേക്കാള്‍ അധികം ചാനലുകള്‍ തങ്ങള്‍ നല്‍കുന്നുണ്ടെന്നും ‘കേരള വിഷന്‍’ അവകാശപ്പെടുന്നു. അതേസമയം ഏഷ്യാനെറ്റ് അടക്കമുളള സ്റ്റാര്‍ അനുബന്ധ ചാനലുകള്‍ ഒഴിവാക്കിയതിന്റെ കാരണവും കമ്പനി വിശദമാക്കുന്നുണ്ട്. ഏഷ്യാനെറ്റ് ഉള്‍പ്പെടുന്ന സ്റ്റാര്‍ ഗ്രൂപ്പ് ചാനലുകള്‍ക്ക്, മുന്‍ വര്‍ഷത്തെക്കാള്‍ 200 ശതമാനം നിരക്കു വര്‍ദ്ധനയാണ് സ്റ്റാര്‍ കമ്പനി ആവശ്യപ്പെടുന്നത്. ഈ പകല്‍കൊളള സമൂഹമദ്ധ്യത്തില്‍ തുറന്നു കാട്ടുന്നതിന്റെ പ്രതികാരമെന്ന നിലയില്‍ സ്റ്റാര്‍ കമ്പനി ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതായാണ് ‘കേരള വിഷന്‍’ വ്യക്തമാക്കുന്നത്.

മറ്റ് കമ്പനികള്‍ അവരുടെ മലയാളം ചാനലുകള്‍ സൗജന്യമായി നല്‍കുമ്പോള്‍ പരസ്യവരുമാനത്തില്‍ സിംഹഭാഗം കൈയ്യടക്കുന്ന ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് എന്തിന് മലയാളികള്‍ ഭീമമായ പണം നല്‍കണമെന്നും അവര്‍ ചോദിക്കുന്നു. ഉയര്‍ന്ന സാമൂഹിക നിലവാരവും ജീവിതവീക്ഷണവും പുലര്‍ത്തുന്ന കേരളീയ സമൂഹത്തിനു മുമ്പില്‍ഏറെ പ്രസക്തമായ ചില ചോദ്യങ്ങളാണ് കേരളവിഷന്‍ ഉയര്‍ത്തുന്നത്. “തൊട്ട് മുന്‍വര്‍ഷത്തേക്കാള്‍ 200 ശതമാനം അധിക നിരക്കില്‍ ഈ ചാനലുകള്‍ മലയാളി കാണേണ്ടതുണ്ടോ? വർഷത്തിൽ ഒന്നോ, രണ്ടോ തവണ മാത്രമുള്ള ചില കായിക മത്സരങ്ങള്‍ക്കായി വര്‍ഷം മുഴുവന്‍ അധിക തുക നല്‍കേണ്ടതുണ്ടോ? നോക്കുകൂലിയില്ലാത്ത ചാനലുകള്‍ മലയാളികള്‍ക്കുളളപ്പോള്‍ ഈ ചാനലുകള്‍ നമുക്കെന്തിന്? പണം നല്‍കി നമ്മള്‍ പരസ്യവും കൂടെ കാണേണ്ടതുണ്ടോ? കുത്തക ചാനല്‍ കമ്പനിക്ക് വേണ്ടി പണം ഉണ്ടാക്കുന്ന ഏജന്റായി തങ്ങള്‍ മാറേണ്ടതുണ്ടോ?…” ഇങ്ങനെ പ്രസക്തമായ ചോദ്യങ്ങള്‍ ‘കേരള വിഷന്‍’ കേരള സമൂഹത്തിനു മുമ്പില്‍ വച്ചിരിക്കുന്നു.

ഒരേ രംഗത്തു നിലയുറപ്പിച്ച രണ്ട് കമ്പനികള്‍ തമ്മിലുളള കിടമത്സരത്തിനപ്പുറമുളള ചില കാര്യങ്ങള്‍ ഈ വിഷയത്തില്‍ അടങ്ങിയിട്ടുണ്ട്. ഒരു ആവശ്യകതയെ മുന്‍നിര്‍ത്തിയുളള അമിതചൂഷണം ഇതില്‍ വ്യക്തമാകുന്നു. മറ്റൊന്നിനെ നിലം പരിശാക്കിയുളള ആധിപത്യമുറപ്പിക്കലും ഇവിടെ ലക്ഷ്യമിടുന്നുണ്ട്. ഇതു രണ്ടും ആരോഗ്യകരമായ മത്സരത്തിനും വളര്‍ച്ചയ്ക്കും ഇണങ്ങുന്നതല്ലെന്നിരിക്കെ ‘കേരള വിഷന്‍’ ഉയര്‍ത്തുന്ന ചിന്തകള്‍ തികച്ചും സാംഗത്യമുളളവ തന്നെയാണ്.