കൊച്ചി എം.ജി റോഡ് ഹോണ്‍ രഹിത മേഖലയാകുന്നു

By on April 17, 2018

ന്യൂഏജ് ന്യൂസ്

കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷനും (ഐ.എം.എ) നാഷണല്‍ ഇനിഷിയേറ്റീവ് ഫോര്‍ സേഫ് സൗണ്ടും (എന്‍.ഐ.എസ്.എസ്.) സംയുക്തമായി ശബ്ദ മലിനീകരണം തടയാന്‍ പദ്ധതിയൊരുക്കുന്നു. സംസ്ഥാന സര്‍ക്കാര്‍, അസ്സോസിയേഷന്‍ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ്‌സ് (എ.ഒ.ഐ), മോട്ടോര്‍ വാഹന വകുപ്പ്, കൊച്ചി സിറ്റി പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വാണിജ്യ മേഖലയിലെ നിരത്തുകളില്‍ അനുവദനീയമായ പരമാവധി ശബ്ദം 65 ഡെസിബെല്‍ ആണെങ്കിലും കൊച്ചിയിലെ നിരത്തുകളില്‍ 94 ഡെസിബെല്‍ വരെ ശബ്ദ തീവ്രതയുണ്ടെന്ന് ഐ. എം. എ, എന്‍.ഐ.എസ്.എസ്, എസ്.സി.എം.എസ് എന്നിവരുടെ സംയുക്ത പഠനങ്ങള്‍ തെളിയിക്കുന്നു. ഈ റോഡുകളിലെ സ്ഥിരം ഡ്രൈവര്‍മാര്‍, കച്ചവടക്കാര്‍, താമസക്കാര്‍ തുടങ്ങിയവര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുന്നതിന് ഇത് കാരണമാകും. ഇതിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ഐ. എം. എയുടെ നേതൃത്വത്തില്‍ 2016 മുതല്‍ എല്ലാ വര്‍ഷവും നോ ഹോണ്‍ ഡെ ആചരിച്ചു വരുന്നു. 2020-ഓടെ കൊച്ചിയെ നോ ഹോണ്‍ സിറ്റിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം കൂടുതല്‍ വിപുലമായ പദ്ധതികളാണ് ഐ. എം. എ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി എ.ഒ.ഐയുടെ നേതൃത്വത്തില്‍ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെയും വൈകുന്നേരവുമുള്ള ശബ്ദനിലവാരം അളക്കുകയും പ്രൈവറ്റ് ബസ് ഡ്രൈവര്‍മാരില്‍ ഉണ്ടായേക്കാവുന്ന കേള്‍വിക്കുറവ് നിര്‍ണ്ണയിക്കുകയും ചെയ്യും.
ഏപ്രില്‍ 26 വ്യാഴാഴ്ച നോ ഹോണ്‍ ഡെയായി ആചരിക്കും. അന്നേ ദിവസം രാവിലെ 9.30ന് മാധവ ഫാര്‍മസി ജംഗ്ഷന്‍ മെട്രോ പാര്‍ക്കിംഗില്‍ നടക്കുന്ന ചടങ്ങില്‍ കെഎംആര്‍എല്‍ മാനേജിങ്ങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് എംജി റോഡ് നോര്‍ത്ത് എന്‍ഡ് മുതല്‍ മഹാരാജാസ് മെട്രോ സ്‌റ്റേഷന്‍ വരെയുള്ള പ്രദേശം ഔദ്യോഗികമായി നോ ഹോണ്‍ മേഖലയായി പ്രഖ്യാപിക്കും. ചടങ്ങില്‍ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. കറുപ്പുസാമി ഐ.പി.എസ് അദ്ധ്യക്ഷത വഹിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഐ.എം.എ പ്രസിഡന്റ് ഡോ. വര്‍ഗീസ് ചെറിയാന്‍, നോ ഹോണ്‍ ഡെ പ്രോഗ്രാം കണ്‍വീനര്‍ ഡോ. വി.ഡി. പ്രദീപ് കുമാര്‍, കോ- കണ്‍വീനര്‍ ഡോ. എം. നാരായണന്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us