Don't miss

കോണ്‍ഗ്രസിന്‌ `പരിസ്ഥിതി’ മടുത്തു

By on December 23, 2013

തീവ്ര നിലപാടുകള്‍ക്കെതിരെ രാഹുലിന്റെ തുറന്നടി

ജയറാം രമേശിന്‌ പിന്നാലെ ജയന്തി നടരാജനും

ദില്ലി : ഒടുവില്‍ ജയന്തി നടരാജനെയും കോണ്‍ഗ്രസിന്‌ മടുത്തു. രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസ്‌ നേതൃത്വം അവരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക്‌ തിരിച്ചു വിളിച്ചു. വികസന പദ്ധതികള്‍ക്ക്‌ മുഴുവന്‍ ജയറാം രമേശ്‌ ശൈലിയില്‍ പരിസ്ഥിതി മന്ത്രാലയം ഇടങ്കോലിടാന്‍ തുടങ്ങിയതോടെയാണ്‌ പാര്‍ട്ടി നേതൃത്വത്തിന്‌ ഇവര്‍ കണ്ണിലെ കരടായത്‌. കസ്‌തൂരി രംഗന്‍, ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളിലൊക്കെ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടലുകളും, എടുത്തുചാട്ടവും വിനയായെന്ന്‌ കേന്ദ്ര സര്‍ക്കാരും, കോണ്‍ഗ്രസ്‌ നേതൃത്വവും തിരിച്ചറിയുന്നുണ്ട്‌.
ജയന്തി നടരാജന്‍ രാജിവെച്ചതിന്‌ പിന്നാലെ ഫിക്കിയുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധി പരിസ്ഥിതി മന്ത്രാലയത്തിനും മന്ത്രിക്കുമെതിരെ ആഞ്ഞടിച്ചു. വ്യവസായികള്‍ക്ക്‌ മുന്നിലുള്ള കോണ്‍ഗ്രസിന്റെ ഏറ്റു പറച്ചില്‍ കൂടിയായി അത്‌. എന്റെ പിഴ, എന്റെ പിഴ എന്നതു പോലായിരുന്നു രാഹുലിന്റെ പ്രസംഗത്തിന്റെ ധ്വനി. ഒരു മന്ത്രിയും മുഖ്യമന്ത്രിയും വിചാരിച്ചാല്‍ സ്വച്ഛാധിപത്യപരമായി എന്തും ചെയ്യാമെന്ന ധാരണ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു” എന്ന മുഖവുരയോടെയാണ്‌ രാഹുല്‍ തുടങ്ങിയത്‌. പല പദ്ധതികളുടേയും അനുമതി അനിശ്ചിതത്വമായി നീളുന്നു. പലതിലും ഭരണപരവും നിയമപരവുമായ വീവേചനമുണ്ട്‌. തീരുമാനങ്ങള്‍ സുതാര്യവും സമയോചിതവുമാകണം. പലയിടത്തും സ്വേച്ഛാധിപത്യപരമായി അധികാരം പ്രയോഗിക്കുന്നു. – രാഹുല്‍ അതി ശക്തമായാണ്‌ വിഷയത്തോട്‌ പ്രതികരിച്ചത്‌.
ജയറാം രമേശ്‌ ഭ്രാന്തമായ പരിസ്ഥിതി നിലപാടുകളെടുക്കാന്‍ തുടങ്ങിയതോടെയാണ്‌ കസേര തെറിച്ചത്‌. കോടതിക്കും, കേന്ദ്രമന്ത്രിസഭയ്‌ക്കും മേളിലുള്ള അധികാര കേന്ദ്രം പോലെ പരിസ്ഥിതി മന്ത്രിയായിരിക്കെ ജയറാം രമേശ്‌ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. 600 ഓളം പദ്ധതികള്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ തടസ്സവാദങ്ങളില്‍ കുടുങ്ങിക്കിടന്നു. പോസ്റ്റോ, വേദാന്ത, ലവാസ എന്നിവ അതില്‍ പ്രധാന പദ്ധതികളത്രെ. അതിരപ്പള്ളി, വിഴിഞ്ഞം, കണ്ണൂര്‍ വിമാനത്താവളം, കണ്ടല്‍പാര്‍ക്ക്‌, കൊച്ചി ക്രിക്കറ്റ്‌ സ്റ്റേഡിയം മുതലായവ ജയറാം രമേശിന്റെ പരിസ്ഥിതി തീവ്ര സമീപനത്തിന്റെ ഭാഗമായി ഫയലില്‍ കുടുങ്ങിയ പദ്ധതികളത്രെ.
ജയന്തി നടരാജനെ കൊണ്ടുവന്നതിലൂടെ മിതമായ സമീപനം കേന്ദ്രം പ്രതീക്ഷിച്ചു. എന്നാല്‍ ജയറാം രമേശന്റെ തുടര്‍ച്ചയായിരുന്നു ജയന്തിയും. കഴിയുംവിധം അധികാരത്തിന്റെ വാള്‍ അവരും ഉയര്‍ത്തിപ്പിടിച്ചു. വ്യവസായ ലോകം കേന്ദ്രത്തിനെതിരെ തിരിയാനുള്ള പ്രധാന കാരണക്കാരായി പരിസ്‌തിതി മന്ത്രാലയം കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ മാറി.
ഇനി വീരപ്പമൊയ്‌ലിയുടെ ഊഴമാണ്‌. കസ്‌തൂരി രംഗനിലൊക്കെ മന്ത്രാലയ നിലപാട്‌ പ്രധാനവുമാണ്‌.