കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഭിമാനനേട്ടത്തോടെ ഇന്ത്യ; 66 മെഡലുകളുമായി മൂന്നാം സ്ഥാനത്ത്

By on April 16, 2018

www.livenewage.com

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആതിഥേയരായ ഓസ്ട്രലിയയ്ക്കും ഇംഗ്ലണ്ടിനും പിന്നില്‍ അഭിമാന നേട്ടത്തോടെ ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കി. മെഡല്‍ നേട്ടങ്ങളുടെ കണക്കെടുത്താല്‍ ഇതുവരെയുള്ള കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ഗെയിംസാണിത്. 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവും സഹിതം 66 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ഗ്ലാസ്‌കോ ഗെയിംസില്‍ 64 മെഡലായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. 2010-ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഗെയിംസില്‍ 101 മെഡല്‍ വെട്ടിപ്പിടിച്ചതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. 2002 മഞ്ചസ്റ്റര്‍ ഗെയിംസില്‍ 69 മെഡലും ഇന്ത്യക്ക് ലഭിച്ചിരുന്നു.

80 സ്വര്‍ണവും 59 വെള്ളിയും 59 വെങ്കലവും സഹിതം 198 മെഡലുകളോടെ ആതിഥേയരായ ഓസ്‌ട്രേലിയയാണ് ഇത്തവണ ഒന്നാം സ്ഥാനത്ത്. 45 സ്വര്‍ണവും 45 വെള്ളിയും 46 വെങ്കലുമായി 136 മെഡലുകളോടെ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും. മൂവര്‍ണ പതാകയ്ക്ക് കീഴില്‍ ഇരുന്നൂറോളം താരങ്ങല്‍ പങ്കെടുത്താണ് 66 മെഡലുകള്‍ ഇന്ത്യയിലെത്തിച്ചത്. ഷൂട്ടിങ് ഇനത്തിലാണ് കൂടുതല്‍ മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയത്. ഏഴ് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവും സഹിതം 16 മെഡല്‍ ഷൂട്ടിങ്ങില്‍ പിറന്നു. ഗുസ്തിയില്‍ 12, ഭാരോദ്വഹനത്തില്‍ ഒമ്പത്, ബോക്‌സിങ്ങ് റിങ്ങില്‍ ഒമ്പത്, ടേബിള്‍ ടെന്നീസില്‍ എട്ട്, ബാഡ്മിന്റണില്‍ ആറ്, അത്‌ലറ്റിക്‌സില്‍ മൂന്ന്, സ്‌ക്വാഷില്‍ രണ്ട്, പവര്‍ലിഫ്റ്റിങ്ങില്‍ ഒന്ന് എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം.

വനിത സിംഗിള്‍സ് ടേബിള്‍ ടെന്നീസിലെ സ്വര്‍ണമടക്കം നാല് മോഡലുകള്‍ കൈപിടിയിലൊതുക്കിയ മനിക്ക ബത്രയാണ് ഇന്ത്യന്‍ സംഘത്തില്‍ കൂടുതല്‍ തിളങ്ങിയത്. സ്വര്‍ണ നേട്ടത്തില്‍ കഴിഞ്ഞ ഗ്ലാസ്‌കോ ഗെയിംസിനെക്കാള്‍ 11 സ്വര്‍ണം ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ കൂടുതല്‍ സ്വന്തമാക്കി. ഗ്ലാസികോയില്‍ 15 സ്വര്‍ണമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം, ഇതിന് പുറമേ 30 വെള്ളിയും 19 വെങ്കലവും സഹിതം 64 മെഡലോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us