ഗെയിലിന്റെ ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി ഐ.ഒ.സിയും ബി.പി.സി.എല്ലും

By on March 21, 2018

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും (ഐ.ഒ.സി.) ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബി.പി.സി.എല്‍.) വാതകക്കമ്പനിയായ ഗെയ്ല്‍ ഇന്ത്യ ലിമിറ്റഡിന്റെ 26 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നു. ഇതുവഴി സര്‍ക്കാരിനു 40,000 കോടി രൂപ ലഭിക്കുമെന്നാണു കണക്കാക്കുന്നത്. എണ്ണക്കനികളെ ഏകോപിപ്പിച്ച് ഒരു വമ്പന്‍ കമ്പനിയാക്കാനുള്ള കഴിഞ്ഞ ബജറ്റിലെ ആശയത്തിന്റെ തുടര്‍ച്ചയായാണു നടപടി.
ഗെയിലില്‍ സര്‍ക്കാരിന് 54.89 ശതമാനം പങ്കാളിത്തമുണ്ട്. ഓഹരി വാങ്ങാന്‍ ഐ.ഒ.സിയും ബി.പി.സി.എല്ലും പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിക്കുകയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ (എച്ച്.പി.സി.എല്‍) സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 51.11 ശതമാനം ഓഹരികള്‍ 36,915 കോടി രൂപയ്ക്കു ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒ.എന്‍.ജി.സി) സ്വന്തമാക്കിയിരുന്നു. എച്ച്.പി.സി.എല്‍., ഒ.എന്‍.ജി.സിയില്‍ ലയിച്ചിട്ടില്ല. സഹകമ്പനി ആണെങ്കിലും സ്വതന്ത്ര കമ്പനിയായാണു പ്രവര്‍ത്തനം. ഇതേ മാതൃക ഗെയിലിന്റെ കാര്യത്തിലും തുടരും. ഓഹരികള്‍ വിറ്റാലും കമ്പനി സ്വതന്ത്രമായി പ്രവര്‍ത്തിക്കും. ഐ.ഒ.സിയും ബി.പി.സി.എല്ലും നിയമിക്കുന്ന ഒരോ ഡയറക്ടര്‍മാര്‍ വീതം ഗെയിലിന്റെ ബോര്‍ഡിലുണ്ടാകും.

Follow Us