ഗ്രാമസഭകളും ഡിജിറ്റലാകുന്നു; ലോകത്തെവിടെയിരുന്നും ഇനി ഗ്രാമസഭകളുടെ ഭാഗമാകാം

By on April 16, 2018

ന്യൂഏജ് ന്യൂസ്‌

ഗ്രാമസഭകൾ കൂടുതൽ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടെ പുതിയ പദ്ധതിയുമായി കേരളം സർക്കാർ രംഗത്ത്. ഗ്രാമങ്ങളിലാണ് നാടിന്റെ വികസനം തുടങ്ങുന്നത്. അതിനാൽത്തന്നെ നാടിന്റെ പ്രശ്‌നങ്ങളും വികസനങ്ങളുമെല്ലാം ചര്‍ച്ചയാവുന്ന ഗ്രാമസഭകളില്‍ ജനകീയ പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ട്. അതിനാലാണ് എല്ലാവരുടെയും ഭാഗഭാഗിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമസഭകൾക്ക് ഓൺലൈൻ മുഖം നൽകി കേരള സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

നിങ്ങളുടെ ഗ്രാമ പഞ്ചായത്തിലെ വികസന പദ്ധതികള്‍ക്കായി ലോകത്ത് എവിടെയിരുന്നും നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിയോജിപ്പുകളും അറിയിക്കാന്‍ സാധിക്കുന്ന ഗ്രാമസഭ പോര്‍ട്ടലിന് വലിയ സ്വീകാര്യതയാണ് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നത്. www.gramasabha.lsgkerala.gov.in എന്ന യുആര്‍എലില്‍ സന്ദര്‍ശിച്ചാല്‍ ഗ്രാമ സഭ പോര്‍ട്ടലിലെത്താം. സ്മാര്‍ട്‌ഫോണ്‍ വഴിയും ഈ വെബ്‌സൈറ്റ് എളുപ്പം ഉപയോഗിക്കാം.

തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ഈ വെബ്‌സൈറ്റ് തയ്യാറാക്കിയത്. ഗ്രാമസഭാ പോര്‍ട്ടലിന്റെ ഭാഗമാവാന്‍ പേര്, വിലാസം, ഫോണ്‍ നമ്പർ, ഇമെയില്‍ ഐഡി, ആധാര്‍ നമ്പർ, വോട്ടര്‍ ഐഡി കാര്‍ഡ് നമ്പർ, യൂസര്‍ നെയിം എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. അക്കൗണ്ടിന്റെ പാസ് വേഡ് എസ്‌എംഎസ് ആയി ലഭിക്കും. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഗസ്റ്റ് യൂസര്‍ ആയി വെബ്‌സൈറ്റ് ഉപയോഗിക്കാം.

ലോഗിന്‍ ചെയ്താല്‍ കാണുന്ന ഹോം പേജില്‍ പഞ്ചായത്തിലെ പദ്ധതികളും അതിന്റെ പുരോഗതി, പ്രത്യേക അറിയിപ്പുകള്‍, ഫോട്ടോ ഗ്യാലറി, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സൗകര്യം എന്നിവയുണ്ടാവും. അതുവഴി പഞ്ചായത്തംഗത്തോട് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാം. ഓണ്‍ലൈന്‍ വഴി തന്നെ മറുപടി അറിയുകയും ചെയ്യാം.

കേരളത്തിലെ വികസന പരിപാടികളുടെ പുതിയ വിവരങ്ങള്‍ യഥാക്രമം അറിയാനും പുതുതലമുറയെ ഗ്രാമ വികസനത്തോട് ചേര്‍ത്ത് നിര്‍ത്താനും ഈ ഒരു വെബ്‌സൈറ്റ് സഹായകമാകും എന്ന പ്രതീക്ഷയിലാണ് സർക്കാർ സംവിധാനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us