ഗ്രീസ്‌ പ്രതിസന്ധി: ഇന്ത്യയെ ബാധിക്കുമോ?

By on July 7, 2015

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഐഎംഎഫും നിര്‍ദ്ദേശിക്കുന്ന കര്‍ശന സാമ്പത്തിക അച്ചടക്ക വ്യവസ്ഥകള്‍ സ്വീകരിക്കേണ്ടതില്ല എന്ന്‌ ഹിതപരിശോധനയില്‍ ഗ്രീസിലെ ഭൂരിഭക്ഷം ജനത അഭിപ്രായം രേഖപെടുത്തിയതോടെ യൂറോ സോണിന്റെ ഭാവി വീണ്ടും അനശ്ചിതത്ത്വത്തില്‍ ആയിരിക്കുകയാണ്‌. ഹിതപരിശോധനാ ഫലം പ്രധാനമന്ത്രി അലക്‌സി സിപ്രസയുടെ വിജയമാണെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഗ്രീസിന്‌ പുറത്തേക്കുള്ള വാതില്‍ തുറന്നിരിക്കുകയാണ്‌ ഇത്‌. ഗ്രീക്ക്‌ ജനതയുടെ ആശങ്ക കുറയ്‌ക്കുമെങ്കിലും ഈ തീരുമാനം യൂറോയ്‌ക്ക്‌ കടുത്ത വെല്ലുവിളിയാകുമെന്നാണ്‌ വിലയിരുത്തല്‍.
ആശങ്കയോടെയാണ്‌ വിപണികള്‍ ഗ്രീസിലെ ഹിതപരിശോധനാഫലത്തെ കാത്തിരുന്നത്‌. പ്രതീക്ഷിച്ച പോലെ തന്നെ ഫലം വിപണികളെ ബാധിക്കുകയും ചെയ്‌തു.ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ വിപണികള്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇടിവ്‌ രേഖപെടുത്തി. സെന്‍സെക്‌സ്‌ 300 പോയിന്റിനടുത്തും നിഫ്‌റ്റി നൂറ്‌ പോയിന്റിനടുത്തും ഇടിഞ്ഞു. എന്നാല്‍, പിന്നീട്‌ നഷ്ടം കുറയ്‌ക്കാന്‍ വിപണികള്‍ക്കായി.ചാഞ്ചാട്ടം തുടരുമെങ്കിലും ഗ്രീസിലെ പ്രതിസന്ധി ഇന്ത്യന്‍ ഓഹരി വിപണിയെ സാരമായി ബാധിക്കില്ല എന്ന വിലയിരുത്തലാണ്‌ പൊതുവിലുള്ളത്‌. ഗ്രീസ്‌ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത്‌ പോയാല്‍ സാമ്പത്തിക വിപണിയില്‍ താല്‌കാലികമായ ചാഞ്ചാട്ടങ്ങള്‍ ഉണ്ടാവുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യും.
ഗ്രീസ്‌ പ്രതിസന്ധി മൂലം രാജ്യത്ത്‌ നിന്നും വിദേശ നിക്ഷേപകര്‍ മൂലധന നിക്ഷേപം പിന്‍വലിക്കുന്ന സാഹചര്യം നേരിടാന്‍ ആര്‍ബിഐയുടെ നിര്‍ദ്ദേശം തേടുമെന്ന്‌ ്‌ ധനകാര്യ സെക്രട്ടറി രാജീവ്‌ മെഹര്‍ഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഗ്രീസിലെ പ്രതിസന്ധി ഇന്ത്യന്‍ ഓഹരി വിപണികളെ കാര്യമായി ബാധിക്കില്ല എന്നാണ്‌ വിലയിരുത്തല്‍. കാലവര്‍ഷം, പാദഫലങ്ങള്‍, വരാനിരിക്കുന്ന പാര്‍ലമെന്റ്‌ സമ്മേളനങ്ങള്‍ തുടങ്ങിയ ആഭ്യന്തര ഘടകങ്ങളായിരിക്കും ഇനിയുള്ള ദിനങ്ങളില്‍ ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച്‌ കൂടുതല്‍ പ്രധാനം.
ഗ്രീസിലെ നിലവിലെ സാഹചര്യം ഇന്ത്യയ്‌ക്ക്‌ പല തരത്തില്‍ ഗുണകരമാകും എന്ന്‌ വിലയിരത്തലുകളുമുണ്ട്‌. എണ്ണ വില കുറയാനുള്ള സാധ്യത ഉയര്‍ത്തും. ഡോളര്‍ ശക്തിപെടുകയാണെങ്കില്‍ യുഎസ്‌ പലിശ നിരക്ക്‌ ഉയര്‍ത്തുന്നത്‌ വീണ്ടും നീട്ടും. ഇത്‌ രണ്ടും ഇന്ത്യയ്‌ക്ക്‌ ഗുണകരമാകും.
യുഎസ്‌ ഫെഡ്‌ പലിശ നിരക്ക്‌ ഉയര്‍ത്താന്‍ കാലതമാസം വരുത്തുന്നത്‌ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം തുടരാന്‍ എഫ്‌ഐഐകള്‍ക്ക്‌ അവസരം നല്‍കും. എണ്ണ വില കുറയുന്നതും ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ ഗുണകരമാകും.
നിലവിലെ സാഹചര്യത്തില്‍ ഗ്രീസ്‌ പ്രതിസന്ധി ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ ഒരു തരത്തിലും വെല്ലുവിളിയാകില്ല. മികച്ച കാലവര്‍ഷം, താഴ്‌ന്ന എണ്ണ വില, പലിശ നിരക്ക്‌ വീണ്ടും കുറയ്‌ക്കുമെന്ന പ്രതീക്ഷ എന്നിവയെല്ലാം ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയെ തുടര്‍ന്നും ശക്തമായി നിലനിര്‍ത്തും.
ഗ്രീസുമായി ഇന്ത്യയ്‌ക്ക്‌ നേരിട്ടുള്ള ബന്ധം വളരെ കുറവാണ്‌ എന്നതിനാല്‍ അവിടുത്തെ സാഹചര്യങ്ങള്‍ ഇന്ത്യയെ സാരമായി ബാധിച്ചേക്കില്ല. യൂറോപ്യന്‍ യൂണിയനുമായി പല മേഖലകള്‍ക്കും ബന്ധമുണ്ട്‌ എങ്കിലും ഗ്രീസിന്റെ പ്രധാന്യം കുറവായതിനാല്‍ ആശങ്കപെടേണ്ട കാര്യമില്ല. അതേസമയം ഗ്രീസില്‍ സാമ്പത്തിക പ്രതിസന്ധി തുടരുന്നത്‌ ഇന്ത്യയുടെ സോഫ്‌റ്റ്‌ വെയര്‍ ആന്‍ഡ്‌ എന്‍ജിനീയറിങ്‌ കയറ്റുമതിയെ ബാധിച്ചേക്കാം. ഇത്തരം കയറ്റുമതി പ്രധാനമായും ലക്ഷ്‌.മിടുന്നത്‌ യൂറോപ്യന്‍ യൂണിയനാണ്‌ എന്നതിനാലാണിത്‌.
ഗ്രീസിലെ പ്രതിസന്ധി മൂലം ഓഹരി വിപണികളില്‍ ഉണ്ടായ ഇടിവ്‌ നിക്ഷേപം അവസരമായി കണക്കാക്കണമെന്നാണ്‌ വിദഗ്‌ധരുടെ നിര്‍ദ്ദേശം. സാമ്പത്തിക രംഗത്തുണ്ടാകുന്ന പ്രതിസന്ധികള്‍ ആദ്യം ബാധിക്കുന്നത്‌ ബാങ്കിങ്‌ ഓഹരികളെയാണ്‌. അതിനാല്‍ ഈ അവസരം ബാങ്കിങ്‌ ഓഹരികളില്‍ നിക്ഷേപിക്കാന്‍ പ്രയോജനപ്പെടുത്താം. ആഗോള സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിന്‌ അനുസരിച്ച്‌ നേട്ടം ഉണ്ടാക്കാന്‍ ഇത്‌ സഹായിക്കും.
ആഗോള സാമ്പത്തിക പ്രതിസന്ധികളെ നേരിടാനുള്ള മുകരുതലുകള്‍ എടുക്കാനുള്ള അവസരമായും ഇത്‌ അധികൃതര്‍ കാണുന്നുണ്ട്‌. ഇന്ത്യയുടെ വിദേശ നാണയ ശേഖരം ശക്തമായതിനാല്‍ ഗ്രീസിലെ പ്രതിസന്ധി രാജ്യത്തെ ബാധിക്കില്ല എന്ന്‌ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇതുവരെ ഉള്ളതിലും ഏറ്റവും ഉയര്‍ന്ന നിലയിലാണ്‌ രാജ്യത്തിന്റെ വിദേശ നാണ്യശേഖരം.
ഗ്രീസിലേത്‌ ഹ്രസ്വകാല പ്രതിസന്ധിമാത്രമാണന്നാണ്‌ സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തല്‍.

Follow Us