Don't miss

ചീഫ് ജസ്റ്റീസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസുമായി പ്രതിപക്ഷം; പൊതുവേദികളിലെ ചർച്ചകൾ ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി

By on April 21, 2018

ന്യൂഏജ് ന്യൂസ്

ന്യുഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷിനേതാക്കള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിനാണ് നോട്ടീസ് നല്‍കിയത്. ഏഴു പാര്‍ട്ടികളിലെ 60 എം.പിമാര്‍ നോട്ടീസില്‍ ഒപ്പുവച്ചുവെന്ന് രാജ്യസഭയിലെ പ്രതിപക്ഷ കക്ഷിനേതാവ് ഗുലാംനബി ആസാദ് വ്യക്തമാക്കി. ജസ്റ്റീസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് പ്രതിപക്ഷം ഇംപീച്ച്‌മെന്റിനുള്ള നീക്കം ശക്തമാക്കിയത്. അതേസമയം, ചീഫ് ജസ്റ്റീസിന്റെ ഇംപീച്ച്‌മെന്റ് ആവശ്യവുമായി ബന്ധപ്പെട്ട് പൊതുവേദികളില്‍ നടക്കുന്ന ചര്‍ച്ചകള്‍ നിര്‍ഭാഗ്യകരവും വളരെയധികം അസ്വസ്ഥതപ്പെടുത്തുന്നതുമാണെന്ന് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റീസ് എ.കെ സിക്രി, ജസ്റ്റീസ് അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണ് ഈ പരാമര്‍ശനം നടത്തിയത്.
പര്‍സ്യൂട്ട് ഓഫ് ജസ്റ്റീസ് എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുബോഴായിരുന്നു കോടതിയുടെ പരാമര്‍ശം. നിര്‍ദ്ദിഷ്ട ഇംപീച്ച്‌മെന്റ് പ്രമേയം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ജനപ്രതിനിധികളെയും മാധ്യമങ്ങളെയും വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഇത്തരം ചര്‍ച്ചകള്‍ മൂലം ഭയരഹിതരായി നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതിന് ജഡ്ജിമാര്‍ക്ക് കഴിയാതെ വരുമെന്നൂം പ്രമേയം ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും സംഘടനക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച കോടതി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലില്‍ നിന്നും വിശദീകരണം തേടി. മേയ് ഏഴിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

Follow Us