Don't miss

ചൈനയിലേക്കുള്ള കയറ്റുമതി ഉയരും: എച്ച്‌എസ്‌ബിസി

By on May 28, 2015

മുംബൈ: ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധന ഉണ്ടാകുമെന്ന്‌ എച്ച്‌ എസ്‌ബിസി. 2020 മുതല്‍ 2030 വരെയുള്ള ദശാബ്ദ കാലയളവില്‍ ഓരോ വര്‍ഷവും ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 14 ശതമാനത്തിനടുത്ത വളര്‍ച്ച പ്രതീക്ഷക്കാം എന്ന്‌ എച്ച്‌എസ്‌ബിസിയുടെ വ്യാപാര പ്രതീക്ഷ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്‌ പുറമെ ബ്രസീല്‍ ഉള്‍പ്പടെ പുതിയ വിപണികളിലേക്കുള്ളകയറ്റമതിയും ഉയരുമെന്ന്‌ എച്ച്‌എസ്‌ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.പുതിയ വിപണികളിലേക്കുള്ള ഇന്ത്യയിലെ കയറ്റുമതിയില്‍ വര്‍ഷം പത്ത്‌ ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നതായി എച്ച്‌എസ്‌ബിസി പറയന്നു.
ഇന്ത്യയുടെ ഹ്രസ്വകാല അനുമാനം ആവേശം നല്‍കുന്നതാണന്ന്‌ എച്ച്‌എസ്‌ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ്‌ രാജ്യങ്ങളിലെ അപേക്ഷിച്ച്‌ തൊഴില്‍ ചെലവ്‌ കുറഞ്ഞിരിക്കുന്നതാണ്‌ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യയ്‌ക്ക്‌ ഏറ്റവും അനുകൂലമായ ഘടകം.
എണ്ണ ഇറക്കുമതി രാജ്യം എന്ന നിലയില്‍ ആഗോള എണ്ണ വിലയില്‍ കുറവുണ്ടായത്‌ ഇന്ത്യയ്‌ക്ക്‌ ഗുണകരമായിട്ടുണ്ട്‌. ഇതിന്റെ ഫലങ്ങള്‍ വരും നാളുകളിലും പ്രകടമാകുമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
`ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ സാധ്യത വളരെ ശക്തമാണ്‌, വളരുന്ന ജനസംഖ്യയും വളരെ വേഗം വിപുലീകരിക്കുന്ന മധ്യ വര്‍ഗ്ഗവും ബിസിനസ്സിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു` എച്ച്‌എസ്‌ബിസി ഇന്ത്യ മാനേജിങ്‌ ഡയറക്ടര്‍ സന്ദീപ്‌ ഉപ്പല്‍ പറഞ്ഞു.
ഇന്ത്യയുടെ കറന്റ്‌ അക്കൗണ്ട കമ്മി 2014 ല്‍ ജിഡിപിയുടെ 1.1 ശതമാനമായികരുന്നു.ഈ വര്‍ഷം മുഴുവന്‍ റീട്ടെയില്‍ പണപ്പെരുപ്പം ആറ്‌ ശതമാനത്തിന്‌ താഴെ നില്‍ക്കുകയാണെങ്കില്‍ 2015 ല്‍ സിഎഡി 0.6 ശതമാനമാകുമെന്നാണ്‌ എച്ച്‌എസ്‌ബിസിയുടെ വിലയിരുത്തല്‍.
ആര്‍ബിഐയും നടപടികള്‍ ലഘൂകരിച്ച്‌ തുടങ്ങിയിട്ടുണ്ട്‌. ജനുവരി മുതല്‍ ഇതുവരെ പലിശ നിരക്കില്‍ 50 ബേസിസ്‌ പോയിന്റ്‌സിന്റെ കുറവ്‌ വരുത്തിയിട്ടുണ്ട്‌.
ഇത്തരം ശ്രമങ്ങള്‍ ജിഡിപി വളര്‍ച്ച 2014 ലെ 7.4 ശതമാനത്തില്‍ നിന്നും ഈ വര്‍ഷം 7.8 ശതമാനമായി ഉയരാന്‍ സഹായിക്കുമെന്നാണ്‌ പ്രതീക്ഷ. 2016 ല്‍ ജിഡിപി വളര്‍ച്ച 8.3 ശതമാനമായിരിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ എച്ച്‌എസ്‌ബിസി പറഞ്ഞു. അതേസമയം രാജ്യത്തെ പരിഷ്‌കരണ നടപടികളുടെ പുരോഗതി സാവധാനത്തിലാണന്ന്‌ എച്ച്‌എസ്‌ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
2030 ആകുമ്പോഴേക്കും കയറ്റുമതിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന മേഖല ട്രാന്‍സ്‌പോര്‍ട്ട്‌ എക്യുപ്‌മെന്റ്‌ പോലുള്ളവയായിരിക്കുമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാര്‍മസ്യൂട്ടിക്കല്‍സ്‌, ഇന്‍ഡസ്‌ട്രിയല്‍ മെഷീനറി മേഖലകളായിരിക്കും മറ്റ്‌ പ്രധാന മേഖലകള്‍.