ചൈനയില്‍ 15 ലക്ഷം കാര്‍ തിരിച്ചുവിളിക്കാന്‍ ജി എം

By on January 8, 2014

നിര്‍മാണ തകരാറിനെ തുടര്‍ന്നു ചൈനയില്‍ വിറ്റ 15 ലക്ഷത്തോളം കാറുകള്‍ തിരിച്ചു വിളിച്ചു പരിശോധിക്കാന്‍ ജനറല്‍ മോട്ടോഴ്‌സ്‌(ജി എം) തീരുമാനിച്ചു. ഫ്യുവല്‍ ഓയില്‍ പമ്പ്‌ ബ്രാക്കറ്റിലെ തകരാര്‍ സൃഷ്‌ടിക്കുന്ന സുരക്ഷാഭീഷണി പരിഗണിച്ചാണു പ്രാദേശികമായി നിര്‍മിച്ച ഷെവര്‍ലെ, ബ്യൂക്ക്‌ ബ്രാന്‍ഡുകളില്‍പെട്ട വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ കമ്പനി ഒരുങ്ങുന്നത്‌. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ വാഹന പരിശോധനയ്‌ക്കാണു ജി എം തയാറെടുക്കുന്നത്‌.
സ്‌റ്റീയറിങ്ങിലെ തകരാറിന്റെ പശ്‌ചാത്തലത്തില്‍ ഫോഡ്‌ മോട്ടോര്‍ കമ്പനിയും ചോങ്‌ക്വിങ്‌ ചാങ്ങന്‍ ഓട്ടമൊബീല്‍ കമ്പനിയും ചേര്‍ന്നു സ്‌ഥാപിച്ച സംയുക്‌ത സംരംഭം നിര്‍മിച്ച 81,000 കുഗ കാറുകളും തിരിച്ചുവിളിച്ചു പരിശോധിക്കുന്നുണ്ട്‌.
ജി എമ്മും ചൈനയിലെ എസ്‌ എ ഐ സി മോട്ടോര്‍ കോര്‍പറേഷനും ചേര്‍ന്നു സ്‌ഥാപിച്ച സംയുക്‌ത സംരംഭമായ ഷാങ്‌ഹായ്‌ ജനറല്‍ മോട്ടോഴ്‌സ്‌ കമ്പനി ലിമിറ്റഡ്‌ നിര്‍മിച്ച 14.60 ലക്ഷം ഷെവര്‍ലെ, ബ്യൂക്ക്‌ വാഹനങ്ങളിലാണു തകരാര്‍ സംശയിക്കുന്നത്‌. ചൈനയില്‍ വിറ്റവയ്‌ക്കു പുറമെ കയറ്റുമതി ചെയത ഷെവര്‍ലെ സെയില്‍ വാഹനങ്ങള്‍ക്കും പരിശോധന ബാധകമാവുമെന്നു ജി എം വ്യക്‌തമാക്കിയിട്ടുണ്ട്‌. ഫ്യുവല്‍ ഓയില്‍ പമ്പിനെ യഥാസ്‌ഥാനത്ത്‌ ഉറപ്പിച്ചു നിര്‍ത്തുന്ന ബ്രാക്കറ്റിന്റെ നിലവാരത്തകര്‍ച്ചയാണു സുരക്ഷാ ഭീഷണി സൃഷ്‌ടിക്കുന്നതെന്നാണു നിഗമനം.
ലൈറ്റുകളുമായും ട്രാന്‍സ്‌മിഷനുമായും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തകരാറുകളുടെ പേരില്‍ കഴിഞ്ഞ മാസം ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗനും ചൈനയില്‍ 6.40 ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിച്ചു പരിശോധിച്ചിരുന്നു. കാറിനു പുറത്തുള്ള ലൈറ്റുകള്‍ പ്രകാശിക്കാതെ പോകുന്നതു മൂലമുള്ള അപകടസാധ്യത പരിഗണിച്ചാണ്‌ 2009 – 11 കാലത്തു നിര്‍മിച്ച 2,07,778 �ടിഗ്വന്‍ എസ്‌ യു വികള്‍ കമ്പനി തിരിച്ചുവിളിച്ചത്‌.
ജനപ്രീതിയാര്‍ജിച്ച മോഡല്‍ ശ്രേണിക്കൊപ്പം ജാപ്പനീസ്‌ ഉല്‍പന്നങ്ങളോടുള്ള എതിര്‍പ്പ്‌ കൂടിയായതോടെ ചൈനീസ്‌ വിപണിയില്‍ തകര്‍പ്പന്‍ പ്രകടനമാണു യു എസില്‍ നിന്നുള്ള വാഹന നിര്‍മാതാക്കള്‍ കാഴ്‌ചവച്ചത്‌. ജപ്പാനും ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം മൂര്‍ച്‌ഛിച്ചതോടെ ചൈനീസ്‌ വിപണിയില്‍ ജാപ്പനീസ്‌ ഉല്‍പ്പന്നങ്ങളോടുള്ള എതിര്‍പ്പ്‌ ശക്‌തമായതാണു യു എസ്‌ നിര്‍മാതാക്കള്‍ക്കു ചാകരയായത്‌.
ഈ അനുകൂല സാഹചര്യം മുതലെടുത്ത ജനറല്‍ മോട്ടോഴ്‌സിന്റെ ജനുവരി – നവംബര്‍ കാലത്തെ വില്‍പ്പനയില്‍ 11.4% വര്‍ധനയാണു രേഖപ്പെടുത്തിയത്‌; മൊത്തം 28.90 ലക്ഷം വാഹനങ്ങളാണു കമ്പനി ചൈനയില്‍ വിറ്റത്‌. ഈ വര്‍ഷത്തിന്റെ ആദ്യ 11 മാസത്തിനിടെ ഫോഡിന്റെ വില്‍പ്പനയാവട്ടെ 8,40,975 യൂണിറ്റിലെത്തി; 2012 ജനുവരി – നവംബര്‍ കാലത്തെ അപേക്ഷിച്ച്‌ 51% വര്‍ധന.
എസ്‌ എ ഐ സിക്കു പുറമെ എഫ്‌ എ ഡബ്ല്യു ഗ്രൂപ്പുമായി സഹകരിച്ചും ജി എം ചൈനയില്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നുണ്ട്‌. ചാങ്ങന്‍ ഓട്ടമോട്ടീവും ജിയാങ്‌ലിങ്‌ മോട്ടോഴ്‌സ്‌ കോര്‍പറേഷനുമാണു ഫോഡിന്റെ ചൈനീസ്‌ പങ്കാളികള്‍.

Follow Us