Don't miss

ജപ്പാനിലെ ക്രിപ്‌റ്റോ കറന്‍സി എക്‌സചേയ്ഞ്ചില്‍ വന്‍ മോഷണം

By on January 30, 2018

ടോക്യോ:ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജപ്പാനിലെ ഡിജിറ്റല്‍ എക്‌സ്‌ചേയ്ഞ്ച് കോയിന്‍ ചെക്ക് നിക്ഷേപങ്ങള്‍ പിന്‍വലിച്ചതിന്റെ ഫലമായി ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യമിടിഞ്ഞു. ഇതുവഴി 50 കോടി ഡോളര്‍ എന്‍ഇഎം ക്രിപ്‌റ്റോകറന്‍സി നഷ്ടം വന്നതായി കോയിന്‍ ചെക്ക് പറഞ്ഞു.ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സ്ഥാപനം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സികളിലൊന്നാണ് എന്‍ഇഎം.
കോയിന്‍ ചെക്കിന്റെ എന്‍.ഇ.എം അഡ്രസില്‍ നിന്നും പുലര്‍ച്ചെ മൂന്ന് മണിക്കാണ് 52.3 കോടി ഡോളര്‍ അയക്കപ്പെട്ടത്. ഇത് കണക്കുപ്രകാരം 58 ബില്ല്യണ്‍ യെന്‍ (3392 കോടിയിലധികം രൂപ) വരുമെന്ന് കോയിന്‍ചെക്ക് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ യസൂകെ ഒറ്റ്‌സുക പറഞ്ഞു.
ഏത്ര ഉപയോക്താക്കളെ ഹാക്കിങ് ബാധിച്ചിട്ടുണ്ടെന്ന് പരിശോധിച്ചുവരികയാണ്. രാജ്യത്തിനകത്ത് നിന്നാണോ പുറത്തു നിന്നാണോ എന്നും അന്വേഷിക്കുന്നുണ്ട്.നിക്ഷേപങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ എന്‍ഇഎമ്മിന്റെ മൂല്യം 16 ശതമാനം ഇടിഞ്ഞു. ബിറ്റ് കോയിന് 2.13 ശതമാനം ഇടിഞ്ഞ് 10,987 ലും എത്തി. മറ്റ് ക്രിപ്‌റ്റോ കറന്‍സികള്‍ക്കും ഇടിവുണ്ടായിട്ടുണ്ട്.