Don't miss

ജിഎസ്ടി പ്രാരംഭ സങ്കീർണതകൾ മാത്രമോ ?

By on November 5, 2017

ന്യൂഏജ് ബിഗ് ഡിബേറ്റ് ഒൻപതാം ഭാഗം മാധ്യമ പ്രവർത്തകൻ എം കെ അജിത് കുമാർ എഴുതുന്നു

രാജ്യ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ നികുതി പരിഷ്‌കാരം എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ചരക്കു സേവന നികുതിക്ക് സർക്കാർ പ്രാരംഭം കുറിച്ചത്. കേന്ദ്ര സംസ്ഥാന തലങ്ങളിൽ ചുമത്തപ്പെടുന്ന പതിനഞ്ചോളം നികുതികൾ ഇല്ലാതാവുകയും, നികുതിക്ക് മേൽ നികുതി എന്ന ദുരവസ്ഥക്ക് പരിഹാരമാവുകയും ചെയ്യുമെന്നതാണ് ചരക്കു സേവന നികുതിയുടെ പ്രധാന നേട്ടമായി എടുത്തു കാട്ടിയിരുന്നത്. പുതിയ പരിഷ്കരണം നടപ്പിലാക്കി നാലു മാസം പിന്നിടുമ്പോൾ രാജ്യത്തെ വ്യാപാര വ്യവസായ മേഖലകളാകെ ജിഎസ്ടി ഉളവാക്കിയ സങ്കീര്ണതകളിൽ നിന്നും മുക്തമല്ലെന്നാണ് സൂചന. രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായ മേഖലകളും, പുത്തൻ സംരംഭങ്ങളുമൊക്കെ നികുതി പരിഷ്കാരത്തിന്റെ കാഠിന്യത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടും എന്ന ആശങ്കയിലാണ്.
പൊതുവെ വില കുറയുമെന്ന ധാരണക്ക് കടക വിരുദ്ധമായാണ് സംഭവിച്ചത്.
ആഡംബരമെന്നോ, അല്ലാത്തതെന്നോ വ്യത്യാസമില്ലാതെ എല്ലാത്തിനും വില കയറുന്നു.5 മുതൽ 28 ശതമാനം വരെ നീളുന്ന സ്ലാബുകൾ നിരത്തി ജനങ്ങളെ അസ്ത്രപ്രജ്ഞരാക്കുന്ന ചെപ്പടി വിദ്യക്കാണ് സർക്കാർ ചുക്കാൻ പിടിക്കുന്നത്. 160 ഓളം രാജ്യങ്ങളിൽ നടപ്പാക്കിയത്തിന്റെ അനുഭവ പാഠങ്ങൾ കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകൾ ഉണ്ടായില്ല.ലളിതമായ നിരക്കുകൾ, വ്യാപാരികൾക്ക് ബോധവത്കരണം, വില നിയന്ത്രണ സംവിധാനങ്ങൾ ഇവയൊന്നും ഉണ്ടായില്ല. ഫലത്തിൽ ഉപഭോക്താക്കളെ സർക്കാർ കൊള്ളക്കായി എറിഞ്ഞു കൊടുത്തിരിക്കുകയാണ്.
നാടിനു ഗുണകരമായി മാറേണ്ട ചരക്കു സേവന നികുതി എപ്പോൾ എവിടെ നടപ്പാക്കണം എന്ന തിരിച്ചറിവ് സർക്കാർ തലത്തിൽ ഉണ്ടായിട്ടില്ലെന്നതാണ് വലിയ പോരായ്മ. ഇതു കേവലം പ്രാരംഭ സങ്കീര്ണതയായി മാത്രം കാണാനാവില്ല.ക്രിയാത്മകമായ തിരുത്തലുകൾ ഇതിൽ ഉണ്ടാകണം. ഇനി വരാനിരിക്കുന്ന പരിഷ്കരണ നടപടികളിലും ജാഗ്രത്തായ സമീപനമാണ് സർക്കാർ പുലർത്തേണ്ടത്.

ഈ വിഷയത്തിലുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ @Newagedaily എന്ന ഫേസ്ബുക്ക്‌ പേജിലോ teamnewage@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ പങ്കുവെക്കാവുന്നതാണ്
(തുടരും)