ജിയോയുടെ പ്രതാപത്തിനു മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ മറ്റ്‌ ടെലികോം കമ്പനികൾ; കമ്പനികളുടെ കടം അഞ്ച് ലക്ഷം കോടിക്കും മുകളിൽ

By on April 17, 2018

ന്യൂഏജ് ന്യൂസ്

മുംബൈ: റിലയന്‍സ് ജിയോയുടെ വരവോടെ രാജ്യത്തെ ഇതര ടെലികോം കമ്പനികളെല്ലാം കടുത്ത നഷ്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍, റിലയന്‍സ്, എയര്‍സെല്‍ എന്നീ സ്വകാര്യ കമ്പനികളും പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എലും വന്‍ പ്രതിസന്ധിയിലാണിപ്പോള്‍. കഴിഞ്ഞ പാദത്തില്‍ ജിയോയ്ക്ക് മാത്രമാണ് ലാഭം നേടാനായതെന്ന് കണക്കുകള്‍ പറയുന്നു.

ഐഡിയയുടെയും വോഡഫോണിന്റെയും നഷ്ടം 1.20 ലക്ഷം കോടി രൂപ കടന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജിയോയുടെ വെല്ലുവിളി അതിജീവിക്കാന്‍ ഇരു കമ്പനികളും ലയിക്കാന്‍ തീരുമാനിച്ചെങ്കിലും ഇതിന്റെ നടപടികള്‍ അനിശ്ചിതമായി നീണ്ടുപോവുകയാണ്. കടുത്ത സാമ്പത്തീക പ്രതിസന്ധി കാരണം ജിയോ ഒഴികെയുള്ള കമ്പനികളില്‍ ഇത്തവണ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവില്ല. ബോണസ് പകുതിയോളം വെട്ടിക്കുറയ്ക്കുവാനും നീക്കമുണ്ട്. ഇതിന് പുറമെ നിരവധി ജീവനക്കാരെ ഐഡിയയും വോഡഫോണും പിരിച്ചുവിടാനും ആലോചിക്കുന്നതായാണ് വിവരം. രാജ്യത്തെ മൊത്തെ ടെലികോം കമ്പനികള്‍ അഞ്ച് ലക്ഷം കോടിയുടെ കടത്തിലാണ് മുങ്ങിത്താഴുന്നത്.

ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളുമായി രണ്ട് വര്‍ഷം മുന്‍പ് ജിയോ രംഗത്തെത്തിയതോടെയാണ് മറ്റ് കമ്പനികളുടെ ശനിദശ തുടങ്ങിയത്. പ്രമോഷണല്‍ ഓഫറിന്റെ പേരില്‍ ആറ് മാസത്തോളം സൗജന്യമായാണ് ജിയോ സേവനങ്ങള്‍ നല്‍കിയത്. പിന്നീട് താരിഫ് നിശ്ചയിച്ചപ്പോഴും മറ്റ് കമ്പനികളുടെ അപ്പോള്‍ നിലനിന്നിരുന്ന നിരക്കിന്റെ നാലിലൊന്നോ അതിലും താഴെയോ ആയിരുന്നു. ഇതോടെയാണ് നിരക്ക് കുറയ്ക്കാന്‍ മറ്റ് കമ്പനികളും നിര്‍ബന്ധിതമായത്. ഇപ്പോഴും തുടരെ തുടരെ നല്‍കുന്ന ഓഫറുകളും ഗ്രാമങ്ങളിലടക്കം 4ജി സേവനം നല്‍കുന്നതും ജിയോയുടെ പ്രതാപം മങ്ങാതെ നിലനിര്‍ത്തുന്നതിനാല്‍ അടുത്ത കാലത്തൊന്നും മറ്റ് കമ്പനികള്‍ക്ക് കരകയറാനാവില്ലെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us