ജൂലൈ മുതല്‍ ഇപിഎഫ്‌ഒ ഓഹരിയില്‍ നിക്ഷേപം തുടങ്ങും

By on June 25, 2015

ന്യൂഡല്‍ഹി: അടുത്ത മാസം മുതല്‍ എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്‌ഒ) ഓഹരി വിപണിയില്‍ നിക്ഷേപം തുടങ്ങും. സമ്പദ്‌ വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ്‌ ഈ നീക്കം. ഏറെ നാളായുള്ള ട്രേഡ്‌ യൂണിയനുകളുടെ എതിര്‍പ്പിനെ മറികടന്നാണ്‌ ഇപിഎഫ്‌ഒ ഓഹരി നിക്ഷേപത്തിന്‌ ഒരുങ്ങുന്നത്‌. മൊത്തം ഫണ്ടിന്റെ ഒരു ശതമാനം ആണ്‌ ആദ്യം നിക്ഷേപി്‌ക്കുക. പിന്നീടിത്‌ 5 ശതമാനമായി ഉയര്‍ത്താനാണ്‌ ലക്ഷ്യമിടുന്നത്‌.
എട്ട്‌ കോടി അംഗങ്ങളില്‍ നിന്നായി 100 ബില്യണ്‍ ഡോളര്‍ ആസ്‌തിയുണ്ട്‌ ഇപിഎഫ്‌ഒയ്‌ക്ക്‌ . ഉയര്‍ന്ന നേട്ടം ലക്ഷ്യമിട്ട്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളിലായിരിക്കും ആദ്യം നിക്ഷേപം തുടങ്ങുക.
` വാര്‍ഷിക നിക്ഷേപത്തിന്റെ ഒരു ശതമാനം നിക്ഷേപിച്ച്‌ കൊണ്ടായിരിക്കും ജൂലൈയില്‍ തുടങ്ങുക. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത്‌ 5 ശതമാനമായി ഉയര്‍ത്തും` തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രയ പറഞ്ഞു.
ഇപിഎഫ്‌ഒ വര്‍ഷം ഒരു ലക്ഷം കോടി രൂപ നിക്ഷേപം നടത്തുന്നുണ്ട്‌. ഇതില്‍ 5,000 കോടി രൂപ ജൂലൈ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ ഓഹരികളില്‍ നിക്ഷേപിക്കുമെന്ന്‌ ഇപിഎഫ്‌ഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായ ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലക്ഷ്യമിടുന്ന സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായാണിത്‌.
ഈ സാമ്പത്തിക വര്‍ഷം പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റും പ്രൈവറ്റ്‌ കമ്പനികളുടെ ന്യൂന പക്ഷ ഓഹരികള്‍ വിറ്റും 11 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടന്നത്‌. പുതിയ ഇപിഎഫ്‌ഒ വ്യവസ്ഥകള്‍ ഇതിന്‌ സഹായകരമാകുമെന്നാണ്‌ കരുതുന്നത്‌. കാരണം ആദ്യമായി ഇപിഎഫ്‌ഒയ്‌ക്ക്‌ സര്‍ക്കാര്‍ ഓഹരികളില്‍ നിക്ഷേപം നടത്താന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്‌ .
വിപണിയില്‍ ഇടിവ്‌ നേരിടുമ്പോള്‍ സര്‍ക്കാര്‍ ഓഹരികള്‍ വാങ്ങാന്‍ പൊതുമേഖലയില്‍ നിന്നുള്ള ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയോടാണ്‌ സര്‍ക്കാര്‍ ഇതുവരെ ആവശ്യപ്പെട്ടിരുന്നത്‌. ഈ രീതി തന്നെ ഇപിഎഫ്‌ഒയുടെ കാര്യത്തിലും ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌.
ഈ ശ്രമം വിജയിക്കുകയാണെങ്കില്‍ അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓഹരികളില്‍ ഉള്ള വാര്‍ഷിക നിക്ഷേപം 15 ശതമാനം ആയി ഉയര്‍ത്തുമെന്ന്‌ ദത്താത്രയ പറഞ്ഞു. നിലവിലെ നിരക്കില്‍ ഇത്‌ വര്‍ഷം 2.5 ബില്യണ്‍ ഡോളര്‍ വരും.
ഇപിഎഫ്‌ഒ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതിനെ ചില യൂണിയനുകള്‍ എതിര്‍ത്തിരുന്നു. തങ്ങളുടെ ജീവിതകാലത്തെ സമ്പാദ്യം വിപണി തകരുകയാണെങ്കില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയെ തുടര്‍ന്നായിരുന്നു എതിര്‍പ്പ്‌.
ഇതു വരെ ഇപിഎഫ്‌ഒയുടെ വിപണിയിലെ സാന്നിദ്ധ്യം ഗവണ്‍മെന്റ്‌ , കോര്‍പറേറ്റ്‌ ബോണ്ടുകളിലായി പരിമിതപ്പെട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നിക്ഷേപത്തില്‍ നിന്നും 9.22 ശതമാനം വരുമാനമാണ്‌ നേടിയത്‌. 8.75 ശതമാനം അംഗങ്ങള്‍ക്ക്‌ ലഭ്യമാക്കി.

Follow Us