Don't miss

ജൂലൈ മുതല്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധം

By on June 28, 2017
aadhar

ന്യൂഡല്‍ഹി: നികുതി ദായകര്‍ ജൂലൈ മുതല്‍ ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം എന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഇതിനായി ആദായ നികുതി നിയമം ഭേദഗതിചെയ്തു. ഇത് സംബന്ധിച്ച് വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍നമ്പര്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണം എന്നാണ് പുതിയ വ്യവസ്ഥ. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്നത് തടയാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.നിലവില്‍ 2.07 കോടി നികുതി ദായകര്‍ ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. രാജ്യത്ത് 25 കോടിയിലേറെ പേര്‍ക്ക് പാന്‍കാര്‍ഡ് ഉണ്ട്. ആധാര്‍കാര്‍ഡ് ലഭിച്ചിട്ടുള്ള 111 കോടിയിലേറെ പേര്‍ക്കാണ്. പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥ ഈ മാസം തുടക്കത്തില്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. അതേസമയം തന്നെ ഭരണ ഘടനാ ബഞ്ച് വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് ഭാഗികമായി സ്റ്റേ നല്‍കുകയും ചെയ്തിരുന്നു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നിതനും പാന്‍ കാര്‍ഡ് ലഭിക്കുന്നതിനും ജൂലൈ 1 മുതല്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണന്ന് സിബിഡിറ്റിയും പറഞ്ഞു.