ടൊയോട്ട ഇന്ത്യയിലെ 7,129 കോറോള കാറുകള്‍ പിന്‍വലിക്കുന്നു

By on July 7, 2015

ന്യൂഡല്‍ഹി: ജാപ്പനീസ്‌ കാര്‍ നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യയില്‍ നിന്നും എക്‌സിക്യൂട്ടീവ്‌ സെഡാന്‍ കൊറോളയുടെ 7,129 യൂണിറ്റുകള്‍ പിന്‍വലിക്കുന്നു. എയര്‍ബാഗിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ്‌ കാറുകള്‍ തിരിച്ച്‌ വിളിക്കുന്നത്‌.
കിര്‍ലോസ്‌ ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭമായിട്ടാണ്‌ ടൊയോട്ട ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്‌. ഏപ്രില്‍ 2007 നും 2008 നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളാണ്‌ തിരിച്ച്‌ വിളിക്കുന്നത്‌.
ഇതിന്‌ പുറമെ 2008 ജൂണിനും 2008 ജൂലൈയ്‌ക്കും ഇടയില്‍ നിര്‍മ്മിച്ച ചില വാഹനങ്ങളും തകരാറുകള്‍ പരിശോധിക്കാനായി തിരികെ വിളിക്കുന്നുണ്ടെന്ന്‌ കമ്പനി അറിയിച്ചു. ഇന്ത്യയില്‍ നിന്നും വാഹനങ്ങള്‍ സംബന്ധിച്ച്‌ പരാതികള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും നിലവിലെ നടപടി ടൊയോട്ടയുടെ ആഗോള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണന്നും കമ്പനി അറിയിച്ചു.
ജാപ്പനീസ്‌ കമ്പനിയായ ടകാതയാണ്‌ എയര്‍ബാഗുകള്‍ നിര്‍മ്മിച്ചത്‌, അവരുടെ എയര്‍ബാഗുകള്‍ ആഗോള തലത്തില്‍ തിരിച്ച്‌ വിളിച്ചു കൊണ്ടിരിക്കുകയാണ്‌. തകരാറുകള്‍ ഉള്ള എയര്‍ബാഗുകള്‍ ടകാത വിതരണം ചെയ്‌തത്‌ കാരണം നിസ്സാനും ഹോണ്ടയും സമാനമായി പ്രതിസന്ധി നേരിടുകയാണ്‌. കഴിഞ്ഞ ആഴ്‌ച 12,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കുകയാണന്ന്‌ നിസ്സാന്‍ പറഞ്ഞിരുന്നു. ജൂണ്‍ 2013 നും മാര്‍ച്ച്‌ 2015 നും ഇടയില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഇടത്തരം സെഡാന്‍ സണ്ണി, ചെറുകാര്‍ മൈക്ര എന്നിവ ഉള്‍പ്പടെയുള്ള വാഹനങ്ങളാണ്‌ നിസ്സാന്‍ തിരിച്ച്‌ വിളിച്ചത്‌. എന്‍ജിന്‍ സ്വിച്ചുകളുടെയും എയര്‍ബാഗുകളുടെയും തകരാറുകള്‍ പരിഹരിക്കുന്നതിനായാണ്‌ വാഹനങ്ങള്‍ തിരിച്ച്‌ വിളിച്ചത്‌.
കഴിഞ്ഞ മാസം ഹോണ്ട കാര്‍ ഇന്ത്യ 203 നും 2007 നും ഇടയില്‍ നിര്‍മ്മിച്ച അക്കോഡ്‌, സിആര്‍-വി, സിവിക്‌ എന്നിവ ഉള്‍പ്പടെ 11,381 വാഹനങ്ങള്‍ തിരിച്ച്‌ വിളിച്ചിരുന്നു. എയര്‍ബാഗുകളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന്‌ വേണ്ടിയായിരുന്നു ഇത്‌.

Follow Us