ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്സ് ഹൈവേ 2021ല്‍ പൂര്‍ത്തിയാവും

By on April 17, 2018

ന്യൂഏജ് ന്യൂസ്

മുംബൈ; രാജ്യ തലസ്ഥാനമായ ദില്ലിയെ വാണിജ്യ തലസ്ഥാനമായ മുംബൈയുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ്സ് ഹൈവേ 2021ല്‍ പൂര്‍ത്തിയാവും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവായി കണക്കാക്കുന്നത്.
ഈ വര്‍ഷം ഡിസംബറില്‍ നിര്‍മ്മാണം തുടങ്ങി അടുത്ത മൂന്ന് വര്‍ഷത്തിനകം പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എക്‌സ്പ്രസ്സ് ഹൈവേ വരുന്നതോടെ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള ദേശീയപാത എട്ടിന്റെ ദൂരം 1450 കിലോമീറ്ററില്‍ നിന്നും 1250 കിലോമീറ്ററായി കുറയും. യാത്രാ സമയം നിലവിലുള്ള 24 മണിക്കൂറില്‍ നിന്നും 12 മണിക്കൂറാക്കും. ഗുരുഗ്രാമിലെ രാജീവ് ചൗക്കില്‍ നിന്നാവും ഹൈവേ ആരംഭിക്കുക. അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഒരേസമയം പാതയുടെ 40 ഭാഗങ്ങളില്‍ നിര്‍മ്മാണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. നിതിന്‍ ഗഡ്കരി പറയുന്നു.
രാജ്യത്തെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്നതാണ് എക്‌സ്പ്രസ്സ് ഹൈവേയുടെ പ്രധാന സവിശേഷത. രാജ്യത്തെ ഏറ്റവും പിന്നോക്ക ജില്ലകളായി കണക്കാക്കുന്ന ഹരിയാനയിലെ മീവറ്റ്, ഗുജറാത്തിലെ ദാഹോദ് എന്നിവയിലൂടെ ആണ് പാത കടന്നു പോകുന്നത്.
രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ദരിദ്രമേഖലകളുടെ വികസനം ഉറപ്പാക്കാന്‍ പുതിയ മുംബൈ-ദില്ലി അതിവേഗപാത വഴി സാധിക്കും. ഗുരുഗ്രാമിന് പുറത്തുള്ള പിന്നോക്ക മേഖലകളിലും വികസനം കൊണ്ടുവരാന്‍ ഈ പാത കാരണമാക്കും. നിലവിലുള്ള റോഡ് വികസിപ്പിക്കാനല്ല പുതിയ അലൈന്‍മെന്റ് കൊണ്ടു വന്ന് പിന്നോക്ക മേഖലകളുടെ വികസനത്തിന് വഴിയൊരുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതോടൊപ്പം മധ്യപ്രദേശിലേയും രാജസ്ഥാനിലേയും പിന്നോക്ക മേഖലകളിലൂടെ കടന്നു പോകുന്ന രീതിയില്‍ ഒരു ചമ്പൽ എക്‌സ്പ്രസ്സ് ഹൈവേ കൂടി നിര്‍മ്മിച്ച് അതിനെ മുംബൈ-ദില്ലി ഹൈവേയുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്, ഗഡ്കരി പറയുന്നു.
പിന്നോക്ക ജില്ലകളിലൂടെയാണ് കടന്ന് പോകുന്നതെന്നതിനാല്‍ മുംബൈ-ദില്ലി പാതയ്ക്ക് സ്ഥലമേറ്റെടുക്കാന്‍ വലിയ മുടക്കുമുതല്‍ വേണ്ടി വരില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 500-600 കോടി രൂപ കൊണ്ട് പദ്ധതിയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us